‘രാജസ്ഥാനില്‍ ഇന്നത്തെ’ പ്രതിസന്ധി കോണ്‍ഗ്രസ് അതിജീവിച്ചു ? എംഎല്‍എമാര്‍ ഗെലോട്ടിനോപ്പം, പ്രവര്‍ത്തകര്‍ സച്ചിനൊപ്പം ! ഇനി മറ്റൊരു ആന്ധ്രാപ്രദേശാകാതെ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ നിലനിര്‍ത്താന്‍ പ്രിയങ്കയുടെ ഇടപെടല്‍ ഗുണം ചെയ്യുമോ ?

ജെ സി ജോസഫ്
Monday, July 13, 2020

ഡല്‍ഹി :  രാജസ്ഥാനില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഊര്‍ജിത ഇടപെടല്‍ ഫലം കണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്.

സച്ചിന്‍ പൈലറ്റിനെ ഒപ്പം നിര്‍ത്താന്‍ പ്രിയങ്കാ ഗാന്ധി കൂടി രംഗത്തിറങ്ങിയതോടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ ഫലം കാണുന്നതായാണ് സൂചന.

മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചു ചേര്‍ത്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ 100 എംഎല്‍എ മാരെയും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രസ് കരുനീക്കങ്ങളിലെ ആദ്യ വിജയമാണ്.

മറ്റൊന്ന് കഴിഞ്ഞ 2 ദിവസങ്ങളായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുഖംകൊടുക്കാതിരുന്ന സച്ചിന്‍ പൈലറ്റുമായി വീണ്ടും ആശയവിനിമയത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്നതാണ്.

രാജസ്ഥാനില്‍ സര്‍ക്കാരിനെ താഴെയിറക്കണമെങ്കില്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. കാരണം എംഎല്‍എ മാരില്‍ നിലവില്‍ 10 പേരുടെ തികച്ച് പിന്തുണ സച്ചിനില്ല.

അതേസമയം പ്രവര്‍ത്തകരുടെ പിന്തുണ കൂടുതല്‍ സച്ചിനൊപ്പമാണ്. അതിനാല്‍ സച്ചിന്‍ ഉടക്കിയാല്‍ നിലവില്‍ സര്‍ക്കാരിന് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെങ്കിലും അത് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ നില പരുങ്ങലിലാക്കും.

തെരഞ്ഞെടുപ്പിനു മുമ്പുള്ള സീറ്റ് വിഭജന ഘട്ടത്തില്‍ തന്‍റെ ആളുകള്‍ക്ക് സീറ്റ് തരപ്പെടുത്താന്‍ ഗെലോട്ടിന് കഴിഞ്ഞെന്നത് ഇപ്പോള്‍ അദ്ദേഹത്തിന് ഗുണം ചെയ്തിരിക്കുന്നു എന്നതാണ് സത്യം.

അതേസമയം സര്‍ക്കാരിനെ മറിച്ചിടാന്‍ രണ്ട് ഡസനിലേറെ എംഎല്‍എ മാര്‍ വേണമെന്നതിനാല്‍ അതെളുപ്പമല്ലെന്ന് ബിജെപിക്കുമറിയാം.

മാത്രമല്ല വസുന്ധരാ രാജെ സിന്ധ്യ നില്‍ക്കുമ്പോള്‍ അവരെ മാറ്റി നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനം സച്ചിന് നല്‍കാനുമാകില്ല. ഇതേ മാതൃകയില്‍ മധ്യപ്രദേശില്‍ നിന്നും ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണെങ്കില്‍ അവിടെ വീര്‍പ്പുമുട്ടലിലുമാണ്.

അനാസ്ഥ ഹൈക്കമാന്‍റിന്‍റേത് ?

രാജസ്ഥാനില്‍ അധികാര തര്‍ക്കം സര്‍ക്കാര്‍ രൂപീകരണ സമയത്തുതന്നെ ഉണ്ടായതാണ്. കഴിഞ്ഞ 5 വര്‍ഷം രാജസ്ഥാനില്‍ കഠിനാധ്വാനം ചെയ്ത് ഭരണം തിരിച്ചു പിടിച്ചത് സച്ചിന്‍ പൈലറ്റിനെ മുന്‍ നിര്‍ത്തിയായിരുന്നു.

പക്ഷെ ഭരണം കിട്ടിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം അശോക് ഗെലോട്ട് കൊണ്ടുപോയി. സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയായിരുന്നു ഗെലോട്ട് എംഎല്‍എമാരുടെ ഭൂരിപക്ഷം തരപ്പെടുത്തിയതെന്നത് മനസിലാക്കാന്‍ അന്ന് സച്ചിന് കഴിഞ്ഞില്ല. അതോടെ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ സച്ചിന് പിന്തുണയില്ലാതായി.

പക്ഷെ താന്‍ വിയര്‍പ്പൊഴുക്കി നേടിയ ഭരണം തനിക്ക് അവകാശപ്പെട്ടതാണെന്ന നിലപാടായിരുന്നു സച്ചിന്. സര്‍ക്കാര്‍ രൂപീകരണ സമയത്ത് കെസി വേണുഗോപാലിന്‍റെ തന്ത്രപരമായ ഇടപെടലില്‍ പ്രശ്നങ്ങളില്ലാതെ സത്യപ്രതിജ്ഞ നടന്നു.

എന്നാല്‍ അതിനു ശേഷം പ്രശ്നങ്ങള്‍ വഷളാകുന്നത് തടയാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ഹൈക്കമാന്‍റിനായില്ല. മധ്യപ്രദേശിനു പിന്നാലെ ഭരണത്തിലുള്ള രാജസ്ഥാന്‍ കൂടി നഷ്ടപ്പെട്ടാലുള്ള അപകടം ഒഴിവാക്കാന്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ല.

രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനൊപ്പമാണെങ്കിലും പ്രവര്‍ത്തകര്‍ സച്ചിനൊപ്പമാണെന്ന് മനസിലാക്കി നടപടിയെടുക്കാന്‍ ഹൈക്കമാന്‍റിന് കഴിയണമായിരുന്നു.

അല്ലാത്തപക്ഷം പഴയ ആന്ധ്രാപ്രദേശിന് തുല്യമായ സ്ഥിതിയിലേയ്ക്ക് രാജസ്ഥാനിലും കോണ്‍ഗ്രസിന്‍റെ സ്ഥിതി കൊണ്ടെത്തിക്കുമെന്ന മുന്നറിയിപ്പാണ് നിരീക്ഷകര്‍ നല്‍കുന്നത്.

നിലവില്‍ വൈകിയാണെങ്കിലും പ്രശ്നത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ ഇടപെടല്‍ എത്രത്തോളം ഫലം കാണുമെന്ന് ഇനി കണ്ടറിയണം.

×