എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും. രാഹുലിന് പകരക്കാരായി പരിഗണിക്കുന്ന പേരുകാരൊക്കെ പരാജയത്തിന്റെ പാപഭാരം ചുമക്കുന്നവര്‍. ആന്റണിക്ക് തുണയാകുന്നത് കേരളത്തിലെ വന്‍വിജയം

ജെ സി ജോസഫ്
Sunday, June 23, 2019

ഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എഐസിസി അധ്യക്ഷനായേക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനത്തില്‍ നിന്നും രാഹുല്‍ഗാന്ധി പിന്മാറാന്‍ തയാറാകാതെ വന്നതോടെ ഒരു താല്‍ക്കാലിക കാലയളവിലേയ്ക്ക് ആന്റണിയെ പ്രസിഡന്റാക്കിയുള്ള പ്രശ്ന പരിഹാരത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

അതിനുശേഷം ആന്റണിയെ മാറ്റി വീണ്ടും രാഹുല്‍ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് മടക്കിക്കൊണ്ടുവരാനാണ് പുതിയ നീക്കം. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എ കെ ആന്റണിക്ക് മികച്ച പ്രതിശ്ചായ ആണ്. അതിനാല്‍ തന്നെ ആന്റണിയുടെ നേതൃത്വം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മികച്ച പ്രതിശ്ചായ നല്‍കാന്‍ ഉപകരിക്കുമെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്.

എന്നാല്‍ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് രാഹുല്‍ തന്നെ വീണ്ടും കോണ്‍ഗ്രസിനെ നയിക്കണമെന്ന അഭിപ്രായമാണ് ഇപ്പൊഴുമുള്ളത്. പക്ഷെ രാഹുല്‍ഗാന്ധി രാജി തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ല .

നേരത്തെ അശോക്‌ ഗെലോട്ട്, സച്ചിന്‍ പൈലറ്റ്‌ എന്നീ പേരുകളും പരിഗണിച്ചിരുന്നെങ്കിലും അതിനു പാര്‍ട്ടി നേതാക്കളില്‍ നിന്നും പിന്തുണ ലഭിച്ചില്ല . മാത്രമല്ല രാജസ്ഥാനിലെ കനത്ത പരാജയം ഇരുവര്‍ക്കും പ്രതികൂലമായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അമിത് ഷായെയും നേരിടാന്‍ പോന്ന നേതൃത്വമാണ് പാര്‍ട്ടി തലപ്പത്ത് വേണ്ടതെന്ന അഭിപ്രായത്തിനാണ് മുന്‍‌തൂക്കം.

ഇതുപ്രകാരം കര്‍ണ്ണാടക മന്ത്രി ഡികെ ശിവകുമാര്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ള പേരുകള്‍ പരിഗണനയ്ക്ക് വന്നിരുന്നു. യുവത്വത്തിനു പരിഗണന നല്‍കണമെന്ന അഭിപ്രായവും ശക്തമാണ്. പാര്‍ട്ടിയിലെ വൃദ്ധ നേതൃത്വം മാറണം എന്ന വികാരവും പാര്‍ട്ടിയില്‍ ശക്തമാണ്. ഈ നീക്കത്തിനു പിന്തുണ ലഭിച്ചാല്‍ അത് ആന്റണിക്ക് തിരിച്ചടിയാകും.

ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ മധ്യപ്രദേശിലെ തോല്‍വി അദ്ദേഹത്തിനും തിരിച്ചടിയായി. ചുരുക്കത്തില്‍ തോല്‍വിയുടെ പാപഭാരം ഇല്ലാത്ത നേതാക്കള്‍ കോണ്‍ഗ്രസില്‍ ചുരുക്കമാണ്. അതിനാലാണ് കേരളം പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പേരുകള്‍ പരിഗണിക്കപെടുന്നത്. ആ നിലയില്‍ ആന്റണിയുടെ പേരിനാണ് നിലവില്‍ മുന്‍തൂക്കം.

×