Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് ! സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനത്തു നിന്നും മാറുന്ന കാര്യത്തില്‍ തീരുമാനമായില്ല. സച്ചിന്‍ പൈലറ്റ്, ഗുലാംനബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരേയേക്കും. രമേശ് ചെന്നിത്തലയ്ക്കും പദവി ഉറപ്പ്. കമല്‍നാഥും ഷെല്‍ജയും നേതൃ‍ത്വത്തിലെത്തും. തരൂരിന് ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനം നല്‍കുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി ! രാഹുലിനെ കടത്തിവെട്ടുമോ എന്നും ഭയം !!

New Update

publive-image

Advertisment

ഡല്‍ഹി: മൂന്നു വര്‍ഷത്തിനു ശേഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനൊരുങ്ങുന്നു. അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സോണിയ ഗാന്ധിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. പക്ഷേ സോണിയ മാറിയാല്‍ ആരെന്നതാണ് പ്രശ്നം. എന്നാല്‍ അധ്യക്ഷ പദവിയിലേക്ക് വരാനില്ലെന്ന നിലപാടില്‍ രാഹുലും ഉറച്ചു നില്‍ക്കുകയാണ്.

രാഹുല്‍ നേതൃപദവിയിലേക്ക് വരുന്നില്ലെങ്കില്‍ പുതിയ മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നാണ് തിരുത്തല്‍വാദികളടക്കം പ്രധാന നേതാക്കളെല്ലാം ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അധ്യക്ഷ സ്ഥാനം ഒഴികെയുള്ള സ്ഥാനങ്ങളിലേക്ക് ഒരു പൊളിച്ചെഴുത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്. കൂടുതല്‍ യുവനേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് തീരുമാനം.

ഈ സാഹചര്യത്തില്‍ നാലു വര്‍ക്കിങ് പ്രസിഡന്റുമാര്‍ പുതുതായി വന്നേക്കും. സച്ചിന്‍ പൈലറ്റ്, ഗുലാംനബി ആസാദ്, രമേശ് ചെന്നിത്തല, മുകുള്‍ വാസ്‌നിക് എന്നിവരുടെ പേരിനാണ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഹരിയാന പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കുമാരി ഷെല്‍ജയെ മാറ്റി അവരെയും ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ധാരണയുണ്ട്. ചെന്നിത്തലയ്ക്ക് വര്‍ക്കിങ്ങ് പ്രസിഡന്‍റ് പദവി നല്‍കുന്ന കാര്യത്തില്‍ ഇതുവരെ സൂചനകളില്ല. എന്നാല്‍ അദ്ദേഹത്തെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.

കമല്‍നാഥിനെയും കബില്‍ സിബലിനെയും പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുമെന്ന സൂചനകളുണ്ട്. കമല്‍നാഥിനെ പ്രസിഡന്‍റ് പദത്തിലേയ്ക്കും പരിഗണിക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും കെസി വേണുഗോപാലിനെ മാറ്റി പകരം ആ സ്ഥാനത്തേക്ക് തിരുത്തല്‍വാദി വിഭാഗത്തില്‍ നിന്നും നേതാക്കളെ കൊണ്ടുവരണമെന്ന ആവശ്യം ചില നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ മനീഷ് തിവാരിയെയാകും സംഘടനാ ചുമതലയിലേക്ക് പരിഗണിക്കുക.

ലോക്‌സഭാ കക്ഷി നേതാവായി ശശി തരൂര്‍ വരണമെന്നാണ് ഒട്ടുമിക്ക നേതാക്കളും ഭൂരിഭാഗം എംപിമാരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ മനസു തുറന്നിട്ടില്ല. തരൂരിനെ നേതാവാക്കിയാല്‍ അതു രാഹുലിന്റെ പ്രതാപത്തിന് തടസ്സമാകുമോയെന്ന സംശയമാണ് ഹൈക്കമാന്‍ഡിന്.

ഇതു കണക്കിലെടുത്താകും ആ പദവിയില്‍ ആളെ നിയമിക്കുക. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെങ്കിലും സീറ്റെണ്ണം മൂന്നക്കത്തിലെങ്കിലും എത്തിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസ് വലിയ തകര്‍ച്ചയ്ക്കാകും സാക്ഷ്യം വഹിക്കുകയെന്ന് നേതാക്കള്‍ക്ക് ഉത്തമബോധ്യമുണ്ട്.

congress
Advertisment