ഏറ്റുമാനൂര്‍ സീറ്റ് ജോസഫിന് നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം ! 2021ല്‍ 1987 ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ജോര്‍ജ് ജോസഫ് പൊടിപ്പാറയെ മറക്കേണ്ടെന്നും കെ.ടി മത്തായിയുടെ അവസ്ഥ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് ഉണ്ടാകുമെന്നും പ്രവര്‍ത്തകരുടെ ഓര്‍മ്മപ്പെടുത്തല്‍ ! 1987ല്‍ കെട്ടിവച്ച കാശുപോലും കിട്ടാതെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയുടെ ദയനീയ പ്രകടനം ഇപ്പോഴും ഓര്‍ക്കണം. ഏറ്റുമാനൂര്‍ ജോസഫിന് നല്‍കിയാല്‍ കോണ്‍ഗ്രസില്‍ നിന്നും വിമതന്‍ ഉറപ്പ്. നിരവധി നേതാക്കളും പ്രവര്‍ത്തകരും രാജിക്ക് ഒരുങ്ങുന്നു !

New Update

publive-image

Advertisment

കോട്ടയം: ഏറ്റുമാനൂര്‍ സീറ്റിനെചൊല്ലി യുഡിഎഫില്‍ കലഹം രൂക്ഷം. ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്താല്‍ 1987 ആവര്‍ത്തിക്കുമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുന്നറിയിപ്പ്. അതിനിടെ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ ഏകദേശ ധാരണയായതാണ് സൂചന.

യുഡിഎഫില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഏറ്റുമാനൂരില്‍ മത്സരിക്കുന്നത് കേരളാ കോണ്ഗ്രസ് എമ്മായിരുന്നു. കൃത്യമായി തോല്‍വിയും അവര്‍ ഏറ്റുവാങ്ങിയിരുന്നു. മാണി വിഭാഗം മുന്നണി വിട്ടതോടെ ഇത്തവണ ഏറ്റുമാനൂര്‍ കിട്ടുമെന്നു തന്നെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

ടോമി കല്ലാനി, ലതിക സുഭാഷ്, ജി ഗോപകുമാര്‍ തുടങ്ങിയ നേതാക്കള്‍ സീറ്റിനായുള്ള എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാല്‍ ഇതിനെയൊക്കെ മറികടന്നാണ് ഇപ്പോള്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകള്‍ക്ക് ഒപ്പം ഏറ്റുമാനൂരും വേണമെന്നാണ് ജോസഫിന്റെ വാശി.

കൂടാതെ പൂഞ്ഞാറോ, കാഞ്ഞിരപ്പള്ളിയോ ലഭിക്കണമെന്നും അവര്‍ വാശിപിടിക്കുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ വിട്ടുകൊടുത്താല്‍ അതു വലിയ പൊട്ടിത്തെറിയിലേക്കാകും നയിക്കുക.

1982ല്‍ യുഡിഎഫിലായിരുന്ന ജോസഫ് വിഭാഗത്തിന് അന്നു ഏറ്റുമാനൂര്‍ വിട്ടു നല്‍കിയിരുന്നു. അന്ന് ഇജെ ലൂക്കോസ് വൈക്കം വിശ്വനെ തോല്‍പ്പിച്ച് വിജയിച്ചു. ആ ഒരു തവണത്തേക്ക് മാത്രമായാണ് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്.

എന്നാല്‍ 87ല്‍ ജോസഫ് വീണ്ടും സീറ്റിനായി വാശി പിടിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന ജോര്‍ജ് ജോസഫ് പൊടിപാറ സ്വതന്ത്രനായി മത്സരിച്ചു. ഇഎംഎസിന്റെ ബന്ധുകൂടിയായിരുന്ന ടി രാമന്‍ ഭട്ടതിരിപ്പാടായിരുന്നു ഇടതു സ്ഥാനാര്‍ത്ഥി. കെടി മത്തായിയെ യുഡിഎഫും മത്സരിപ്പിച്ചു.

ഫലം വന്നപ്പോള്‍ 2633 വോട്ടുകള്‍ക്ക് വിജയം വിമതനായ പൊടിപ്പാറയ്ക്ക് ഒപ്പം നിന്നു. ജോസഫിന്റെ സ്വന്തം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച കാശുകിട്ടിയില്ല. ഈ ചരിത്രം 2021ലും ഓര്‍ക്കണമെന്നാണ് മണ്ഡലത്തിലെ അണികളുടെ ആവശ്യം.

ജോസഫ് വിഭാഗത്തിന് സീറ്റു നല്‍കിയാല്‍ ഏറ്റുമാനൂരിലെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇത്തവണ സാധ്യത കല്‍പ്പിച്ചിരുന്ന ആരെങ്കിലും റിബലായി മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. പക്ഷേ നിലവിലെ സാഹചര്യം വച്ച് സുരേഷ് കുറുപ്പ് തന്നെ മത്സരിച്ചാല്‍ വിമതന്‍ വിജയിച്ചില്ലെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുടെ പരാജയമുറപ്പാകും.

pj joseph kottayam news
Advertisment