കോണ്‍ഗ്രസ് പുനസംഘടന വൈകും ; മുല്ലപ്പള്ളിക്ക് തുടരാം. അശോക് ചവാന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന് ശേഷം പാര്‍ട്ടി പുനസംഘടന മതിയെന്ന് ഹൈക്കമാന്‍ഡ് ! കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ മുരളീധരനെ വെട്ടാന്‍ നോക്കിയിരുന്ന നേതാക്കള്‍ക്കിത് സുവര്‍ണാവസരം. കെപിസിസി അധ്യക്ഷനെ മാറ്റിയില്ലെങ്കിലും പ്രതിപക്ഷ നേതാവിനെ ഉടനെ കണ്ടെത്തും. പിടി തോമസിനെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 12, 2021

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന വൈകും. തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ എഐസിസി നിയോഗിച്ച വസ്തുതാ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷമേ ഇക്കര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാശ നീളുമെന്ന് ഉറപ്പായി കഴിഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ അശോക് ചവാന്‍ അധ്യക്ഷനായ സമിതിയെ എഐസിസി നിയോഗിച്ചിരുന്നു. ഈ സമിതി രണ്ടാഴ്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പുനസംഘടന നീട്ടാന്‍ ധാരണയായത്.

നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരനെ നിശ്ചയിക്കാന്‍ ഏകദേശ ധാരണയായിരുന്നു. എന്നാല്‍ കമ്മറ്റി റിപ്പോര്‍ട്ട് വരാതെ ഇനി തീരുമാനം വേണ്ട എന്നു ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.

അതിനിടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പാര്‍ട്ടിയുടെ കേരളത്തിലെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

കേരളത്തിലെ നേതാക്കളാണ് പരാജയത്തിന് പിന്നിലെന്നാണ് താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷവും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കൂട്ടായ ശ്രമം ഉണ്ടായില്ല എന്നാണ് താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്. ഇടതുപക്ഷത്തെ നേരിടാന്‍ താഴെ തട്ടില്‍ സംഘടനാ സംവീധാനം പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

×