സ്ഥാനാർഥികളിൽ 60 ശതമാനവും പുതുമുഖങ്ങൾ വേണമെന്ന് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി; വനിതകൾക്കും യുവാക്കൾക്കും മുൻ​ഗണന നൽകും; വിജയ സാധ്യത പ്രധാന മാനദണ്ഡം; രണ്ട് തവണ തുടർച്ചയായി പരാജയപ്പെട്ടവരെ സ്ഥാനാർഥിയായി പരിഗണിക്കില്ല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, March 6, 2021

തിരുവനന്തപുരം: സ്ഥാനാർഥികളിൽ 60 ശതമാനവും പുതുമുഖങ്ങൾ വേണമെന്ന് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി. വനിതകൾക്കും യുവാക്കൾക്കും മുൻ​ഗണന നൽകും. വിജയ സാധ്യതയായിരിക്കും പ്രധാന മാനദണ്ഡം. എല്ലാ വിഭാഗത്തെയും സ്ഥാനാർത്ഥിത്വത്തിൽ ഉൾക്കൊള്ളിക്കുമെന്നും സ്ക്രീനിം​ഗ് കമ്മിറ്റി പ്രതിനിധി എച്ച് കെ പാട്ടീൽ അറിയിച്ചു.

92ലധികം സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഈ മാസം 9 ന് അന്തിമ പട്ടിക കൈമാറും. സ്ഥാനാർത്ഥി മോഹികൾ ഡല്‍ഹിയിലേക്ക് വരരുത് എന്നാണ് തങ്ങളുടെ അഭ്യർത്ഥന. എല്ലാവരും അവരവരുടെ മണ്ഡലങ്ങളിൽ‌ ശ്രദ്ധിക്കണം. സ്ഥാനാർത്ഥികളെ കണ്ടെത്താൻ സർവേ നടത്തിയെന്നും എച്ച് കെ പാട്ടീൽ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 2 തവണ തുടർച്ചയായി പരാജയപ്പെട്ടവരെ സ്ഥാനാർഥിയായി പരിഗണിക്കില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെയും പരിഗണിക്കില്ല. സ്ഥാനാർഥികളെ പരിഗണിക്കുന്നതിൽ സർവേയിലെ വിവരങ്ങളും പരിഗണിക്കും.

കെപിസിസിയുടെ സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക ലഭിച്ചതായി സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ മടങ്ങിവരും. എൽഡിഎഫ് സർക്കാർ മാറി കോൺഗ്രസ് വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

×