ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ബന്ധമായും സീറ്റ് നല്‍കേണ്ടരുടെ പട്ടിക തയ്യാര്‍ ! കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷ്, മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍, ഒറ്റപ്പാലത്ത് പി സരിന്‍, തിരുവനന്തപുരത്ത് വീണ എസ് നായരും ചെങ്ങന്നൂരില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍. കളമശേരി ലീഗില്‍ നിന്നും പിടിച്ചെടുത്ത് ജെബി മേത്തറെ മത്സരിപ്പിക്കണം ! കോട്ടയം ജില്ലയില്‍ നിന്നും അജീഷ് ബെന്‍ മാത്യൂസും പ്രകാശ് പുളിക്കനും പട്ടികയില്‍. മുതിര്‍ന്ന നേതാക്കള്‍ മാറി പുതുമുഖങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ അവസരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 13, 2021

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചുവരണമെങ്കില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൂടുതല്‍ പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ തവണ യുഡിഎഫ് മത്സരിച്ച 87 സീറ്റുകളില്‍ ചെറുപ്പക്കാരും പുതുമുഖങ്ങള്‍ക്കും കാര്യമായ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.

ഇത്തവണ അതാവര്‍ത്തിച്ചാല്‍ പരാജയം തന്നെ തുടരേണ്ടി വരും എന്ന മുന്നറിയിപ്പാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിര്‍ബന്ധമായും ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കുറച്ചു പേരുടെ പേരും ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. യൂത്ത്‌കോണ്‍ഗ്രസ്, കെഎസ്‌യു അടക്കമുള്ള പോഷക സംഘടനകളിലെ നേതൃനിരയിലുള്ള ചെറുപ്പക്കാരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

പട്ടികയില്‍ ഒന്നാമതുള്ളത് യൂത്ത്‌കോണ്‍ഗ്രസ് നേതാവായിരുന്ന സിആര്‍ മഹേഷാണ്. കഴിഞ്ഞ തവണ കരുനാഗപ്പള്ളിയില്‍ 1769 വോട്ടുകള്‍ക്കാണ് മഹേഷ് തോറ്റത്. മഹേഷിന്റെ തോല്‍വിയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇത്തവണയും മഹേഷ് മണ്ഡലത്തില്‍ സജീവമാണ്. മാത്യു കുഴല്‍നാടാനാണ് പട്ടികയിലെ രണ്ടാമന്‍. മാത്യുവിന് ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിട്ടില്ല.

മാത്യുവിനായി മൂവാറ്റുപുഴയോ, കോതമംഗലമോ വേണെമെന്നാണ് ആവശ്യം. സിഎജി വിഷയത്തിലടക്കം കുഴല്‍നാടന്‍ നടത്തിയ ഇടപെടല്‍ വലിയ ശ്രദ്ധ നേടിയിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ക്ക് ഇത്തവണ തിരുവനന്തപുരത്ത് സീറ്റ് നല്‍കണമെന്നാണ് യുവാക്കളുടെ ആവശ്യം.

തിരുവനന്തപുരം സെന്‍ട്രലില്‍ ഇനി ശിവകുമാറിന് പകരം വീണയെ പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വീണയ്ക്ക് തലസ്ഥാനത്തെ സാമുദായിക സമവാക്യങ്ങളും അനുകൂലമാണ്. തിരുവനന്തപുരത്തെ മറ്റൊരു യുവനേതാവായ രാജേഷ് ചന്ദ്രദാസിനെ പാറശാലയില്‍ മത്സരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം മത്സരിച്ച് പരിചയമുള്ളയാളാണ് രാജേഷ് ചന്ദ്രദാസ്. യൂത്ത്‌കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്ക് കണ്ണൂരില്‍ ഒരു സീറ്റ് നല്‍കാനാണ് ആവശ്യം. കണ്ണൂര്‍ മണ്ഡലത്തിലാണ് റിജിലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുള്ളത്.

ആലുവായില്‍ അന്‍വര്‍ സാദത്തിനെ മാറ്റി ഇക്കുറി ആ സീറ്റ് ജെബി മേത്തര്‍ക്ക് നല്‍കണമെന്നു വാദിക്കുന്നവരുണ്ട്. പക്ഷേ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ കയ്യിലുള്ള സീറ്റ് അവര്‍ വിട്ടുകൊടുക്കാനിടയില്ല. ഈ സഹാചര്യത്തില്‍ കളമശേരി ലീഗില്‍ നിന്നും ഏറ്റെടുത്ത് അവിടെ ജെബിയെ മത്സരിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ട്.

ചെങ്ങന്നൂരില്‍ ഇക്കുറി ജ്യോതി വിജയകുമാറിനെ പരീക്ഷിക്കാനും പാര്‍ട്ടി തയ്യാറാകണമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. യൂത്തുകോണ്‍ഗ്രസ് നേതാവായ മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥനായ പി സരിന് ഒറ്റപ്പാലം നല്‍കണമെന്ന് ഗ്രൂപ്പു വ്യത്യാസമില്ലാതെ അഭിപ്രായമുണ്ട്. നിലവില്‍ കോണ്‍ഗ്രസിന് കിട്ടാക്കനിയായ ഒറ്റപ്പാലം തിരികെ പിടിക്കാനുള്ള അവസാന അവസരമായാണ് സരിനെ പലരും കാണുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെ കയ്പമംഗലത്തും, പത്തനംതിട്ട ഡിസിസി സെക്രട്ടറി ബിബിന്‍ മാമന് ജില്ലയില്‍ ഏതെങ്കിലും മണ്ഡലത്തിലും മത്സരിപ്പിക്കണെമന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കെഎസ് യു നേതാവ് ശില്‍പയെ മണലൂരില്‍ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരുമുണ്ട്.

കോട്ടയത്ത് പ്രവര്‍ത്തകര്‍ മുമ്പോട്ടു വയ്ക്കുന്ന പേരുകള്‍ ചങ്ങനാശേരിയിലും പൂഞ്ഞാറിലുമാണ്. ചങ്ങനാശേരിയില്‍ ഡോ. അജീഷ് ബെന്‍ മാത്യൂസ്, പൂഞ്ഞാറില്‍ പ്രകാശ് പുളിക്കന്‍ എന്നിവരുടെ പേരിനാണ് പ്രാമുഖ്യം. പുതുമുഖമെന്നതും ജനകീയതയുമാണ് ഇവരെ പരിഗണിക്കണമെന്ന ആവശ്യത്തിന് പിന്‍ബലം.

കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത്, കെപിസിസി ജനറല്‍ സെക്രട്ടറി വിഎസ് ജോയി എന്നിവര്‍ക്കും ഇത്തവണ സീറ്റ് നല്‍കണമെന്നാണ് പൊതുവികാരം. ഇവര്‍ക്ക് സീറ്റ് നല്‍കിയാല്‍ അമ്പതു ശതമാനം സാധ്യതയുള്ള സീറ്റുപോലും വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.

അമ്പലപ്പുഴയില്‍ യൂത്തുകോണ്‍ഗ്രസ് നേതാവ് എംവി പ്രവീണിന്റെ പേരാണ് മുമ്പോട്ടു വയ്ക്കുന്നത്. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ പ്രവീണിനിന് സാമുദായിക പരിഗണനയും ഇവിടെ നിര്‍ണായകമാണ്.

×