പ്രതിപക്ഷ നേതാവിനെ ഉടനറിയാം ! പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുക ഹൈക്കമാൻഡ് പ്രതിനിധികൾ എം എൽ എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട ശേഷം. ഖാർഗെയും വൈദ്യലിംഗവും എം പിമാരെയും രാഷ്ട്രീയകാര്യ സമിതിയംഗങ്ങളെയും കാണും. ഗ്രൂപ്പിനതീതമായി വി ഡി സതീശനു മുന്‍തൂക്കം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, May 17, 2021

തിരുവനന്തപുരം: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം നാളെ ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവർ ഹൈക്കമാൻഡിൻ്റെ പ്രത്യേക നിരീക്ഷകരായി എത്തും. പ്രത്യേക വിമാനത്തിലാണ് ഇരുവരും എത്തുന്നത്.

രാവിലെ 10ന് ഇന്ദിരാഭവനിലാണ് ഇരുവരും എംഎൽഎമാരെ കാണുന്നത്. 21 എംഎൽഎമാരെയും സംഘം പ്രത്യേകം പ്രത്യേകം കാണും. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നത് എംഎൽഎമാരുടെ അഭിപ്രായത്തിൻ്റെ കൂടെ അടിസ്ഥാനത്തിലാകും.

എംഎൽഎമാർക്ക് പുറമെ എം പിമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവരുമായും ഹൈക്കമാൻഡ് പ്രതിനിധികൾ ചർച്ച നടത്തും. വി ഡി സതീശൻ്റെ പേരിനാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുൻഗണന. പിടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും പരിഗണനയിലുണ്ട്.

രമേശ് ചെന്നിത്തല തന്നെ തുടരണമെന്നതാണ് ഐ ഗ്രൂപ്പില്‍ ഒരു വിഭാഗത്തിന്‍റെ താല്‍പര്യം. ഉമ്മന്‍ ചാണ്ടിയും അതിനെ എതിര്‍ക്കില്ല. എന്നാല്‍ മാറ്റം വേണമെന്ന ആവശ്യത്തിന് പിന്തുണ വര്‍ധിക്കുന്നതിനാല്‍ ഗ്രൂപ്പിനും അതീതമായി സതീശന് സാധ്യത കല്‍പ്പിക്കുന്നു .

×