ആരും വിജയിക്കാനിടയുള്ള 24 മണ്ഡലങ്ങള്‍ ! വടക്കുമുതല്‍ തെക്ക് വരെ കിടക്കുന്ന ഈ മണ്ഡലങ്ങള്‍ തീരുമാനിക്കും ആരു കേരളം ഭരിക്കണമെന്ന് ! ഇതില്‍ കഴിഞ്ഞ തവണ 14 മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയക്കൊടി നാട്ടി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഒന്‍പതു വീതം മണ്ഡലങ്ങള്‍. തെക്കന്‍ കേരളത്തില്‍ ആറ്. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ ആര്‍ക്കും വിജയിക്കാവുന്ന മണ്ഡലങ്ങളുടെ പട്ടിക ഇങ്ങനെ !

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, February 25, 2021

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി നിര്‍ണായകമാകുക 24 മണ്ഡലങ്ങള്‍. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ സാധ്യത കല്‍പ്പിക്കുന്ന ഈ മണ്ഡലങ്ങളില്‍ ആരു ജയിക്കുന്നു എന്നത് അടുത്ത സര്‍ക്കാരിനെ ആരു നയിക്കും എന്ന് ഉറപ്പിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലായിരം വോട്ടിന് താഴെയാണ് ഇവിടെ ജയിച്ചവരുടെ ഭൂരിപക്ഷം.

ഈ 24 മണ്ഡലങ്ങളില്‍ 14 ഇടത്ത് എല്‍ഡിഎഫും 10 ഇടത്ത് യുഡിഎഫുമാണ് വിജയിച്ചത്. ഇതില്‍ ഭൂരിഭാഗവും എങ്ങോട്ട് മറിയുമെന്നതിനെ ആശ്രയിച്ചാകും ആര്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്നതും തീരുമാനിക്കപ്പെടുക.

ഇടതുമുന്നണി ജയിച്ച മണ്ഡലങ്ങള്‍

ഉദുമയില്‍ സിപിഎമ്മിലെ കെ കുഞ്ഞിരാമന്‍ 3842 വോട്ടിനാണ് വിജയിച്ചത്. കെ സുധാകരനായിരുന്നു എതിരാളി. ഇക്കുറി കൃപേഷ്-ശരത്‌ലാല്‍ കൊലപാതകവും അന്വേഷണവുമൊക്കെ കുഞ്ഞിരാമന്റെ സാധ്യതകളെ ബാധിക്കും. ബാലകൃഷ്ണന്‍ പെരിയായാകും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ 1196 വോട്ടിനുമാത്രമാണ് വിജയിച്ചത്. ഇത്തവണ കടന്നപ്പള്ളി മത്സരത്തിനില്ല. മാനന്തവാടിയില്‍ ഒ ആര്‍ കേളുവിന്റെ ഭൂരിപക്ഷം 1307 വോട്ടുമാത്രം. മലപ്പുറം കൊടുവള്ളിയില്‍ കാരാട്ട് റസാഖ് വിജയിച്ചത് 573 വോട്ടിനായിരുന്നു.

തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസ് (3008), ഇരിങ്ങാലക്കുട – കെയു അരുണന്‍ (2711), കൊച്ചി – കെ ജെ മാക്‌സി (1086), ഉടുമ്പഞ്ചോല – എംഎം മണി (1109), പീരുമേട് – ഇഎസ് ബിജിമോള്‍ (314), കാഞ്ഞിരപ്പള്ളി – എന്‍ ജയരാജ് (3890), കരുനാഗപ്പള്ളി – ആര്‍ രാമചന്ദ്രന്‍ (1759), വര്‍ക്കല – വി ജോയി (2389), നെടുമങ്ങാട് – സി ദിവാകരന്‍ (3621), കാട്ടാക്കട -ഐബി സതീഷ് (849) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ സ്ഥിതി.

യുഡിഎഫിന് വിജയിക്കാനായ മണ്ഡലങ്ങള്‍

അഴിക്കോട് – കെഎം ഷാജി (2287), കുറ്റ്യാടി – പാറക്കല്‍ അബ്ദുള്ള (1157), പെരിന്തല്‍മണ്ണ – മഞ്ഞളാംകുഴി അലി (579), മങ്കട – അഹമദ് കബീര്‍ ( 1508), വടക്കാഞ്ചേരി – അനില്‍ അക്കര (43), കുന്നത്തുനാട് – വിപി സജീന്ദ്രന്‍ (2679), ചങ്ങനാശ്ശേരി -സിഎഫ് തോമസ് (1849)

കോവളം -എം വിന്‍സെന്റ് (2615), അരൂര്‍ – ഷാനിമോള്‍ (2079), എറണാകുളം – ടിജെ വിനോദ് (3750) എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിന് വിജയിക്കാനായത്.

ഇക്കുറിയും ഈ മണ്ഡലങ്ങള്‍ എങ്ങോട്ട് തിരിയുമെന്ന് പ്രവചനാതീതമാണ്. ഇതില്‍ ചില മണ്ഡലങ്ങള്‍ യുഡിഎഫ് കോട്ടയും എല്‍ഡിഎഫ് കോട്ടയുമൊക്കെയുണ്ട്. ഇവിടെ മികച്ച സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ വിജയം ആ മുന്നണിയെ തുണയ്ക്കും. അതുകൊണ്ടുതന്നെ മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ് ഇവിടുത്തെ വിജയം.

 

×