വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ധയുണ്ടാക്കാന്‍ ശ്രമം; ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, February 25, 2021

കൊച്ചി: വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി. ലൗ ജിഹാദ്‌, മാംസാഹാര പ്രസ്‌താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കടുത്ത സസ്യാഹാരിയാണ് താനെന്നും മാംസാഹാരം കഴിക്കുന്നവരെ തനിക്ക് ഇഷ്‌ടമല്ലെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ.ശ്രീധരന്‍ പറഞ്ഞത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ശ്രീധരന്റെ പ്രതികരണം. “വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല,” ശ്രീധരന്‍ പറഞ്ഞു.

കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നും അതിന് താന്‍ എതിരാണെന്നും ശ്രീധരന്‍ പറഞ്ഞു. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്നാണ് മെട്രോമാന്റെ അഭിപ്രായം. ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല മുസ്‌ലിങ്ങള്‍ക്കിടയിലും ക്രിസ്‌ത്യാനികള്‍ക്കിടയിലും വിവാഹത്തിലൂടെ പെണ്‍കുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

×