പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കോണ്‍ഗ്രസില്‍ അടി തുടങ്ങി ! മാധ്യമ പ്രചരണത്തിലൂടെ കളം പിടിക്കാന്‍ തന്ത്രങ്ങളൊരുക്കി വിഡി സതീശന്‍ ? ഉമ്മന്‍ ചാണ്ടിക്കായും രമേശിനായും കരുനീക്കങ്ങള്‍ ! പാര്‍ട്ടിയില്‍ മുന്‍തൂക്കം പിടി തോമസിന് !

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, May 3, 2021

കൊച്ചി: സംസ്ഥാന ഭരണം കൈവിട്ടതിനു പിന്നാലെ പ്രതിപക്ഷത്തിനു അവശേഷിക്കുന്ന ഏക ക്യാബിനറ്റ് പദവിയായ പ്രതിപക്ഷ നേതൃ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ കരുനീക്കങ്ങള്‍ തുടങ്ങി.

നിയമസഭയിലെ മുതിര്‍ന്ന അംഗവും പറവൂര്‍ എംഎല്‍എയുമായ വിഡി സതീശനാണ് കരുനീക്കങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഗ്രൂപ്പ് കളിച്ച് എല്ലാം കൈവിട്ടുപോയെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്കും പ്രതിപക്ഷ നേതൃത്വത്തില്‍ കണ്ണുണ്ട്.

തലസ്ഥാനത്തെയും കൊച്ചിയിലെയും ചില മാധ്യമ സുഹൃത്തുക്കള്‍ വഴി പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് തന്നെ പ്രമോട്ട് ചെയ്യാനുള്ള കുതന്ത്രങ്ങളുമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ വിഡി സതീശന്‍ തന്ത്രങ്ങള്‍ ഒരുക്കിയിരുന്നു.

ഇതുപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വിഡി സതീശന് സാധ്യതയെന്ന നിലയില്‍ ചില വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നില്‍ സതീശന്‍റെ പതിവ് തന്ത്രങ്ങള്‍ തന്നെയെന്ന് സംശയം ഉയര്‍ന്നതോടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സതീശനെതിരെ രംഗത്തു വന്നിട്ടുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസിനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ മികച്ച പ്രതിഛായയില്‍ നിന്നും നിലവിലെ ദയനീയാവസ്ഥയിലേയ്ക്ക് നയിക്കുന്നതിന് ആദ്യ ആണിയടിച്ചത് വിഡി സതീശനായിരുന്നെന്ന പരാതി എ ഗ്രൂപ്പിനുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഹരിത ഗ്രൂപ്പ് രൂപീകരിച്ച്, മാധ്യമങ്ങളെ കൂടെക്കൂട്ടി സതീശന്‍ നയിച്ച പടപ്പുറപ്പാട് ഒടുവില്‍ 2016 -ല്‍ യുഡിഎഫിന്‍റെ തുടര്‍ഭരണ സ്വപ്നങ്ങളെ തന്നെ കശക്കിയെറിഞ്ഞു.

സ്വന്തം സര്‍ക്കാരിനെതിരെ വിഡി സതീശനും ടിന്‍ പ്രതാപനും ഉള്‍പ്പെട്ട ഹരിത ഗ്രൂപ്പ് ഉയര്‍ത്തിയ വിവാദങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഭരണകക്ഷി എംഎല്‍എമാര്‍ തന്നെ രംഗത്തിറങ്ങിയതോടെ ചാനല്‍ ചര്‍ച്ചകള്‍ ആഘോഷമായി മാറി.

തൊട്ടുപിന്നാലെ പ്രതിപക്ഷം കൂടി വിവാദങ്ങള്‍ ഏറ്റുപിടിച്ചതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ പ്രതിഛായ മങ്ങി. “ഞങ്ങളുടെ നേതാക്കളെ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവര്‍ തിരുത്തും; അല്ലെങ്കില്‍ ഞങ്ങള്‍ തിരുത്തിക്കും” എന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സതീശന്‍റെ പതിവ് വെല്ലുവിളി.

2011 -ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാതെ പോയതായിരുന്നു സതീശന്‍റെയും പ്രതാപന്‍റെയും പ്രതികാരശൈലിക്ക് കാരണമായത്.

അതോടെ തുടര്‍ഭരണവും പോയി, ഇത്തവണ പതിവുപോലെ പ്രതീക്ഷിച്ച ഭരണമാറ്റവും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനം ലാക്കാക്കിയുള്ള നേതാക്കന്മാരുടെ പുതിയ കരുനീക്കം.

ഉമ്മന്‍ ചാണ്ടിതന്നെ പ്രതിപക്ഷ നേതാവാകണമെന്നാകും എഐസിസി ആവശ്യപ്പെടുക. അദ്ദേഹം അതിനു തയ്യാറാകുമോ എന്ന് കണ്ടറിയണം. രമേശ് ചെന്നിത്തലതന്നെ തുടരണം എന്നാണ് ഐ വിഭാഗത്തിന്‍റെ നിലപാട്.

എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയിലും യുഡിഎഫിലും പുതിയ നേതൃത്വം വരണമെന്ന നിലപാടുകാരാണ് കൂടുതല്‍. അവരുടെ പിന്തുണ കടുത്ത ഗ്രൂപ്പ് അനുഭാവിയല്ലാത്ത പിടി തോമസിനെ ചെയര്‍മാനാക്കുന്നതിനാണ്.

യുവത്വത്തിന് പരിഗണന നല്‍കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ പിസി വിഷ്ണുനാഥിനാണ് സാധ്യത. എന്തായാലും ഇടതു മുന്നണി 21 മന്ത്രിമാരെ തീരുമാനിക്കുന്നതിലും സങ്കീര്‍ണമായിരിക്കും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസിന്‍റെ പ്രക്രിയ എന്നതില്‍ സംശയമില്ല.

 

×