ജോയ്‌സിന്‍റെ രാഹുല്‍ വിരുദ്ധ അശ്ലീല പരാമര്‍ശത്തിനു പിന്നില്‍ ഗൂഢനീക്കമുണ്ടോ ? ഉടുമ്പന്‍ചോലയിലെ ഉറ്റ ബന്ധുവായ യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തിക്കുവേണ്ടിയായിരുന്നോ ജോയ്‌സിന്‍റെ നീക്കം. പഴയ സഹായത്തിന് ഉപകാസസ്മരണ – ജോയ്‌സിന്‍റെ പ്രസ്താവനയ്ക്കു പിന്നിലെ അഭ്യൂഹങ്ങളും ശക്തം !

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, March 30, 2021

ഇടുക്കി: കോണ്‍ഗ്രസ് മുന്‍ പ്രാദേശിക നേതാവായിരുന്ന ജോയ്‌സ്‌ ജോര്‍ജ് എക്സ് എംപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ വ്യക്തിത്വങ്ങളിലൊരാളാണ് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തി.

കോണ്‍ഗ്രസ് നേതാവായ ആഗസ്തിയുടെ സഹോദര പുത്രിയാണ് ജോയ്‌സിന്‍റെ ഭാര്യ. അടുത്ത ബന്ധു എന്ന നിലയില്‍ 2014 -ല്‍ ജോയ്‌സ് ഇടുക്കി പാര്‍ലമെന്‍റിലേയ്ക്ക് മത്സരിക്കുമ്പോള്‍ ജോയ്സിനായി കോണ്‍ഗ്രസ് വോട്ടുകള്‍ അട്ടിമറിക്കാനായി ഇഎം ആഗസ്തിയുടെ ഇടപെടല്‍ ഉണ്ടായതായി കോണ്‍ഗ്രസില്‍ വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നരുന്നു.

അന്ന് കാണാമറയത്തിരുന്ന് ആഗസ്തി ജോയ്‌സിനായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. അതിന്‍റെ സത്യാവസ്ഥ ഇടുക്കിയിലെ രാഷ്ട്രീയം അറിയുന്നവര്‍ക്കും അതില്‍ ഇടപെടുന്നവര്‍ക്കും വ്യക്തമായി അറിയാമായിരുന്നു.

എന്തായാലും അതേ ഇഎം ആഗസ്തിയാണ് ഇന്നിപ്പോള്‍ ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ജോയ്‌സ് ജോര്‍ജ് മുഖേന എംഎം മണികൂടി നടത്തിയ ഇടപെടലായിരുന്നു ആഗസ്തിയുടെ സ്ഥാനാര്‍ഥിത്വം എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പക്ഷേ ഇപ്പോള്‍ ജോയ്‌സ് ജോര്‍ജ് തുറന്നുവിട്ട വിവാദങ്ങള്‍ ആഗസ്തിയെ സഹായിക്കാന്‍ വേണ്ടിയാണോ എന്ന സംശയം ഉന്നയിക്കുന്ന ചിലരെങ്കിലും ഉണ്ട്.

രാഹുല്‍ഗാന്ധിക്കും അദ്ദേഹത്തെ കാണാനെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്കുമെതിരെ ജോയ്‌സ് നടത്തിയ അശ്ലീല പരാമര്‍ശം ജില്ലയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ആണെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

രാഹുല്‍ഗാന്ധിയുടെ ഇടുക്കി സന്ദര്‍ശനത്തിനു ശേഷം ജില്ലയില്‍ രാഹുല്‍ തരംഗം നിലനില്‍ക്കവെയാണ് ജോയ്‌സിന്‍റെ രാഹുല്‍ വിരുദ്ധ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം. ഇതുവഴി ജനവികാരം ഇടതുപക്ഷത്തിനെതിരാവുകയും ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തിക്ക് ഉള്‍പ്പെടെ അതിന്‍റെ ഗുണം ലഭിക്കുകയും ചെയ്യും എന്ന് ജോയ്‌സ് കരുതുന്നുണ്ടാകാം എന്നാണ് നിരീക്ഷണം.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തോറ്റതോടെ ജോയ്‌സ് രാഷ്ട്രീയത്തില്‍ അത്രകണ്ട് സജീവമായിരുന്നില്ല. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ ഏതെങ്കിലും സീറ്റില്‍ ജോയ്‌സിനെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. തൊടുപുഴയില്‍ ഇടതു സ്വതന്ത്രനായി പിജെ ജോസഫിനെതിരെയും ജോയ്‌സിന്‍റെ പേര് പറഞ്ഞു കേട്ടിരുന്നു.

എന്നാല്‍ തൊടുപുഴയും ഇടുക്കിയും കേരള കോണ്‍ഗ്രസിനു നല്‍കിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. പിന്നീട് എംഎം മണി വിട്ടുനില്‍ക്കുകയാണെങ്കില്‍ ഉടുമ്പന്‍ചോലയില്‍ ജോയ്‌സ് മത്സരിച്ചേക്കുമെന്നും കേട്ടിരുന്നു. എന്നാല്‍ മണി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. അതിനാല്‍തന്നെ മണിക്കെതിരെയും ആഗസ്തിക്കുവേണ്ടിയുമാണോ ജോയ്‌സിന്‍റെ ആക്ഷേപ പ്രസംഗമെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

×