മല്ലിയില വീട്ടില്‍ കൃഷി ചെയ്യാം

Monday, May 3, 2021

വിവിധ കറിക്കൂട്ടുകളില്‍ പ്രധാനിയാണ് മല്ലിയില, നോണ്‍ വെജ് ഇനങ്ങളില്‍ മല്ലിയില സ്ഥിരം സാന്നിധ്യമാണ്. നിഷ്പ്രയാസം നമ്മുടെ വീട്ടിലും മല്ലിയില വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. അസിഡിറ്റി കുറയ്ക്കാനും ദഹനത്തിനും മല്ലിയില സഹായിക്കും.

നേരിട്ടു സൂര്യപ്രകാശം ലഭിക്കാത്ത എന്നാല്‍ ചെറുതായി വെയില്‍ കിട്ടുന്ന സ്ഥലത്തു വേണം മല്ലിയില വളര്‍ത്താന്‍. ഇളം ചൂടുള്ള സൂര്യപ്രകാശമാണ് മല്ലിയില നന്നായി വളരാന്‍ ആവശ്യം. ഇതിനാല്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലമാകും നല്ലത്. ഒപ്പം നല്ല നീര്‍വാഴ്ചയുള്ള മണ്ണായിരിക്കുകയും വേണം.

മണ്ണു നന്നായി കിളച്ച് അതിലെ കല്ലും മറ്റു പാഴ്‌വസ്തുക്കളും നീക്കം ചെയ്യുക. പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ചേര്‍ക്കാം. അസിഡിറ്റി കൂടിയ മണ്ണാണങ്കില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം.
ഇനി ചട്ടിയിലോ ഗ്രോബാഗിലോ ആണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.

ആണിവേരുള്ള ചെടിയാണ് മല്ലി, (കാരറ്റിന്റെ കുടുംബത്തില്‍പ്പെട്ടത്) ഇതിനാല്‍ എട്ടോ പത്തോ ഇഞ്ച് ആഴമുള്ള ചട്ടി വേണം നടാന്‍. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തതിനാല്‍ വിത്തിടുന്നതിനു മുമ്പു തന്നെ ശരിയായ അടിവളം ചേര്‍ക്കണം.മേല്‍മണ്ണ്, മണല്‍, ചകിരിച്ചോര്‍, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, പച്ചിലകള്‍ എന്നിവ കൂട്ടിയ മിശ്രിതമാണ് നല്ലത്.

വീട്ടിലെ ആവശ്യത്തിനു കടയില്‍ നിന്നും വാങ്ങുന്ന മല്ലി വിത്ത് തന്നെ നടാനും ഉപയോഗിക്കാം.ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചൊരു ഉരുണ്ട പന്ത് പോലെയിരിക്കും. ഇതിന്റെ തോടു കുറച്ചു കട്ടി കൂടിയതാണ്. ഒരു പേപ്പറിലിട്ട് ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്‍) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കാന്‍ ധാരാളം ഈര്‍പ്പം വേണം. രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും മുളപൊട്ടാന്‍. ഒന്നോ രണ്ടോ ദിവസം വിത്ത് കുതിര്‍ത്ത ശേഷം നടുന്നതാണ് നല്ലത്. കട്ടന്‍ചായയിലിട്ടുവെച്ചാല്‍ വേഗത്തില്‍ മുളക്കും.

മണ്ണിലാണെങ്കില്‍ കാല്‍ ഇഞ്ച് ആഴത്തില്‍ നാലിഞ്ചു മുതല്‍ ആറിഞ്ചു വരെ അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരിച്ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. തുടര്‍ന്നു വെള്ളം സ്‌പ്രേ ചെയ്യാം.

×