Advertisment

കൊറോണവെല്ലുവിളിയുംസാധ്യതയും...ഒരു മുൾക്കിരീടം പോലെ അനുദിനം മനുഷ്യരിലേക്ക് ആഞ്ഞു തറച്ചുകൊണ്ടിരിക്കുന്നു

author-image
സത്യം ഡെസ്ക്
New Update

#കൊറോണവെല്ലുവിളിയുംസാധ്യതയും-ലത്തീൻ ഭാഷയിൽ 'കൊറോണ' എന്ന വാക്കിന്റെ അർത്ഥം 'കിരീടം' എന്നാണെങ്കിലും, കാര്യത്തോടടുത്തപ്പോൾ ഈ കിരീടം അത്ര സുഖകരമല്ല എന്ന് മനസിലായി. ഒരു മുൾക്കിരീടം പോലെ അനുദിനം മനുഷ്യരിലേക്ക് ആഞ്ഞു തറച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ ഇന്ന് ഏറ്റവുമധികം ഭയപ്പെടുന്നതും, മനുഷ്യ ജീവിതത്തിൽ നിന്നകറ്റി നിർത്തുവാൻ ആഗ്രഹിക്കുന്നതുമായ ഒരു യാഥാർത്ഥ്യമായി ഈ വൈറസ് മാറിക്കഴിഞ്ഞു.

Advertisment

publive-image

കൊറോണ മനുഷ്യന് ഭീഷണി ഉയർത്തിയിട്ട് ആറുമാസം പിന്നിടുമ്പോഴും, പൊള്ളയായ അവകാശവാദങ്ങളുമായി മനുഷ്യർ പരസ്പരം പോരടിക്കുകയാണ്. ഒരുവശത്ത് ഈ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി ഉള്ള ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുമ്പോൾ അർത്ഥഗർഭമായ ചിലരുടെ മൗനം സംശയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.ചില പ്രത്യയ ശാസ്ത്രങ്ങളും അവയുടെ കാവൽഭടന്മാരായി സ്വയം അവരോധിച്ചവരുമെല്ലാം, ഒട്ടും സുതാര്യത ഇല്ലാത്ത വിധം ദുരൂഹതകളിലേക്കും നിഗൂഢതകളിലേക്കും രാജ്യങ്ങളെ തള്ളിവിടുന്നത്തിന്റെ അപകടവും, ഇതിന്റെ പിന്നിൽ മറനീക്കി പുറത്തുവരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടും,രോഗം ബാധിക്കുന്നവരുടെയും,മരിച്ചു വീഴുന്നവരുടെയും എണ്ണത്തിൽ കുറവ് വരുന്നില്ല എന്ന് മാത്രമല്ല,ഭീതിജനകമാം വണ്ണം ഗ്രാഫിൽ വർധനയും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

മനുഷ്യൻ, ആശങ്കയുടെയും, തത്രപ്പാടിന്റെയും മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന ഈ സാഹചര്യത്തോട് ചേർന്നു തന്നെ,ആഴ്ചകളായും മാസങ്ങളായും ലോക്ക്ഡൗണിൽ ജനത്തെ അടച്ചുപൂട്ടിയും,മുദ്രവച്ചും (Double Lock,Triple Lock,sealed) കാര്യങ്ങൾ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചവർ പുതിയ തന്ത്രങ്ങളും,മന്ത്രങ്ങളുമായി അടച്ചിട്ട വാതിലുകളൊക്കെ തുറക്കാൻ തയ്യാറെടുക്കുന്നു."ഇനിയും കൊറോണ കൂടെ ഉണ്ടാകും, കോറോണയോടൊപ്പം ജീവിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കോറോണയേ പ്രതിരോധിക്കുവാൻ നമ്മൾ തയ്യാറെടുക്കുകയാണ്.തുടക്കത്തിൽ വലിയ ആവേശത്തോടെ രംഗത്ത് ഇറങ്ങി Mileage ഉയർത്തി നേട്ടങ്ങൾ കൊയ്യാൻ വേണ്ടി മുടക്കം കൂടാതെ മൈക്കിന് മുൻപിൽ വന്നവർ,മാധ്യമങ്ങളുടെയും,പൊതു ജനത്തിന്റെയും ചോദ്യങ്ങൾക്ക് മുൻപിൽ അസഹിഷ്ണരാകുന്നതും പത്ര സമ്മേളനങ്ങളൊക്കെ അവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്നതും വിവിധ കോണുകളിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

ഭരണപക്ഷവും,പ്രതിപക്ഷവും പരസ്പരം കൊമ്പ് കോർക്കുന്നത് കോറോണയുടെ വരും വരായ്‌മകളെക്കുറിച്ച് ഓർത്തിട്ടല്ല,മറിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യുവാനുള്ള അവസരം മറുഭാഗത്തിന് നൽകാതിരിക്കുന്നതിനു വേണ്ടി ആണെന്നുള്ള സംശയം ജനിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്. നേട്ടത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള വലിയൊരു ത്വര നമ്മുടെ പ്രവർത്തനങ്ങളിൽ വളരെ ദൃശ്യമാണ്. സാധാരണഗതിയിൽ തെരുവോരങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാമായിരുന്ന അനേകം വിഷയങ്ങൾ Lock Down-ൽ നിറം മങ്ങി പോയപ്പോഴും ചാനൽ ചർച്ചകളിലൂടെയും,cyber ലോകത്തും, ബദൽ സംവിധാനം ഉപയോഗപ്പെടുത്തി ചർച്ച സജീവമാക്കുവാനും, ആധിപത്യം ഉറപ്പിക്കാനുമുള്ള പരിശ്രമങ്ങളും തകൃതിയായി മുന്നേറുന്നുണ്ട്. ഒരു കാര്യം നമ്മൾ ഓർക്കേണ്ടതുണ്ട്: രാഷ്ട്രീയപാർട്ടികളുടെ mileage അല്ല ഇവിടെ പ്രധാനം, മറിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മുടെ നാടിന്റെ സുരക്ഷയ്ക്കായി അണിനിരക്കുകയും, മുന്നേറുകയും ചെയ്യുക എന്നുള്ളതാണ്.

സർക്കാരിനോട് ചേർന്ന് പ്രതിപക്ഷവും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് സർക്കാരും,രാഷ്ട്രീയ വൈരം മറന്ന് ഉണർന്ന് പ്രവർത്തിച്ച് ഈ മഹാ മാരിയേ നിർമ്മാർജനം ചെയ്യുവാനുള്ള പരിശ്രമമാണ് നടക്കേണ്ടത്. ഈ കോലാഹലങ്ങൾക്കിടയിലും നിസ്വാർത്ഥമായി പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരെയും അവരോടൊപ്പം നിന്ന് ത്യാഗം ഏറ്റെടുക്കുന്ന മറ്റ് വകുപ്പുകളും, ജനപ്രതിനിധികളും മത സാമുദായിക സംഘടനകളും, അവരുടെ വേറിട്ട ശൈലികളും കണ്ടില്ലെന്ന് നമുക്ക് നടിക്കാനാവില്ല. ജനത്തിന്റെ മുഴുവൻ ആദരം പിടിച്ചുപറ്റി അവർ മുന്നേറുമ്പോൾ, അവരുടെ നിശ്ചയദാർഢ്യത്തിന് ശക്തി പകരുവാൻ നമ്മൾ മറന്നു പോകരുത്. സ്വന്തം ജീവൻതന്നെ പണയം വെച്ചു കൊണ്ടുള്ള അവരുടെ ത്യാഗത്തെയാണെല്ലോ, നിസ്വാർത്ഥ സേവനം എന്ന് (Selfless sacrifice) നമ്മൾ വിളിക്കുന്നത്.

കൊറോണ യുടെ ഈ കാലഘട്ടം ഒരുപാട് പുതിയ പാഠങ്ങൾ മനുഷ്യന് പ്രദാനം ചെയ്തു എന്ന് മാത്രമല്ല, പുതിയ കാഴ്ചപ്പാടുകളിലേക്ക് (New Horizons) മനുഷ്യനെ നയിക്കുകയും ചെയ്യുന്നു. നിയമം കൃത്യമായി പാലിക്കേണ്ടത്തിന്റേയും, വൃത്തിയായി നടക്കേണ്ടതിന്റേയും(Personal Hygiene) മറ്റുള്ളവരിൽനിന്ന് ആരോഗ്യപരമായ അകലം(Healthy Social Distancing ) പാലിക്കേണ്ടതിന്റെയും അതുപോലെ സ്വാതന്ത്ര്യത്തിന് നമ്മൾ കൊടുക്കുന്ന അർത്ഥ നിർവചനങ്ങൾക്ക് പരിമിതി ഉണ്ടെന്നും, എല്ലാ കാര്യങ്ങളും എപ്പോഴും തന്നിഷ്ടംപോലെ നടക്കില്ലെന്നും, രോഗത്തിന്റെയും മരണത്തിന്റെയും മുമ്പിൽ പ്രായഭേദമന്യേ ആരും അജയ്യരല്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ പറ്റി, അധികം ബേജാറായിട്ട് കാര്യമില്ലെന്നും ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നു.

നമ്മുടെ ശത്രുക്കൾ അയൽരാജ്യങ്ങളോ മറ്റു മതവിഭാഗത്തിൽ പെട്ടവരരോ അല്ലെന്നും കൊറോണയുടെ മുമ്പിൽഏറ്റവും പ്രിയപ്പെട്ടവർ തന്നെയാണ് നമുക്ക് ഭീഷണിയാവുന്നത് എന്നും നമ്മൾ കണ്ടു കഴിഞ്ഞു. ഇന്ന് രോഗം പകരുന്നത് വിദേശത്തുനിന്ന് എത്തിയ സ്വന്തക്കാരിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിൽ നിന്നോ ആണെന്ന് നമ്മൾ തിരിച്ചറിയുന്നു. ഇന്നലെവരെ "മോനും മോളും ഒക്കെ എപ്പോഴാണ് വിദേശത്തുനിന്ന് വരുന്നത്"? എന്ന് സ്നേഹപൂർവ്വം ചോദിച്ചിരുന്നവർ ഇന്ന് മക്കൾ നാട്ടിലേക്കോ, വീട്ടിലേക്കോ വരുന്ന കാര്യത്തെക്കുറിച്ച് ചോദിക്കുന്നതേ ഇല്ല എന്നു മാത്രവുമല്ല ചിന്തിക്കുത് പോലുമില്ല ; മാത്രവുമല്ല നാട്ടിൽ വന്നവർക്ക് തന്നെയും സ്വന്തം വീട്ടിലും, നാട്ടിലും പ്രവേശനം നിഷേധിച്ചതിന്റെ അനേകം ഉദാഹരണങ്ങൾ ഈ ദിവസങ്ങളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ മാത്രമല്ല, രാജ്യങ്ങളുടെ തന്നെ മുൻഗണനാ ക്രമത്തിൽ മാറ്റം സംഭവിച്ചിരിക്കുന്നു."ആഗോളവൽക്കരണ"(globalization)ത്തെപ്പറ്റി വാതോരാതെ വിപ്ലവം പറഞ്ഞവർ തന്നെ " സ്വാശ്രയ വത്കരണം"(Self reliance) ദേശീയ മുദ്രാവാക്യമായി സ്വീകരിച്ചുകൊണ്ട് അതിജീവനത്തിനായി പൊരുതുവാൻ ജനങ്ങളേ ആഹ്വാനം ചെയ്തിരിക്കുകയാണ്.

എല്ലാം സാധ്യമാണെന്ന ഭാവത്തിൽ കടിഞ്ഞാൺ നഷ്ടപ്പെട്ട് മുന്നോട്ടുകുതിക്കുന്ന മനുഷ്യനെ കൊറോണ പുറകോട്ടു വലിച്ചു നിർത്തിയിരിക്കുന്നു. അടച്ചിട്ട മുറികളിലും വീടുകളിലുമായി മാസങ്ങളോളം തടവറയിലാക്കപ്പെട്ട മനുഷ്യന് ഉണർവും ഉന്മേഷവും നഷ്ടപ്പെട്ടുവെന്ന് തോന്നുമെങ്കിലും, മാറ്റത്തിന്റെ ഒരു ശംഖൊലിക്കായി കാത്തിരിക്കുകയാണ്. എല്ലാവരും പരസ്പരം ഓർമ്മിപ്പിക്കുന്നത് പോലെ," ഇത് ഒരു വെല്ലുവിളിയും, അതേസമയം ഒരു അവസരവുമാണ്(Challenge & opportunity).നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തോട് ചേർന്ന് കോറോണയുടെ അനുഭവം, പുതിയ നിർവചനങ്ങൾ കൂട്ടിച്ചേർക്കുവാൻ അവസരമൊരുക്കുന്നു. കൊറോണക്ക് മുമ്പ് എന്തായിരുന്നു ലോകത്തിന്റെ അവസ്ഥ ? പരസ്പരം പോരടിച്ചു നിൽക്കുന്ന ലോകരാജ്യങ്ങൾ, അണുവായുധം കാട്ടിയും, സാമ്പത്തിക വലുപ്പം ഉയർത്തിയും ലോകത്തിന്റെ കടിഞ്ഞാൺ കൈവശപ്പെടുത്തുവാനുള്ള മത്സരത്തിലായിരുന്നു ലോകരാഷ്ട്രങ്ങൾ. എന്തായിരുന്നു ഭാരതത്തിന്റെ അവസ്ഥ? ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും നിയമത്തിന്റെ നൂലാമാലകൾ ഉയർത്തി, ഈ നാടിന്റെ തന്നെ പൗരന്മാരെ മാതൃ രാജ്യത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയും, രാജ്യത്തിന്റെ വിശുദ്ധ ഭരണഘടനയ്ക്ക് തന്നെ കളങ്കം ചാർത്തി മനുഷ്യാവകാശങ്ങളെ

ധ്വ൦സിച്ചുകൊണ്ട് വെല്ലുവിളികൾ ഉയർത്തുകയും ചെയ്ത സാഹചര്യത്തിൽ നിന്ന് നമ്മുടെ രാജ്യം മുഴുവൻ അടച്ചിടേണ്ട അവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലെ സ്ഥിതിയും അത്ര മെച്ചമായിരുന്നില്ല. പിടിച്ചെടുക്കലൂം പുറത്താക്കലും, പരസ്പരം ബഹുമാനമില്ലാതെയുള്ള ചെളിവാരിയെറിയലും ഒരുവശത്ത്, മറുവശത്ത് ആഘോഷങ്ങളുടെയും ആഡംബരങ്ങളുടെയും നടുവിൽ മറന്നുപോയ സാമൂഹികപ്രതിബദ്ധതയും, തീർന്നിട്ടില്ല, ഭക്തിയും വിശ്വാസവുമൊക്കെ വെറും പ്രഹസനങ്ങളാക്കി മാറ്റപ്പെടുന്ന അവസ്ഥ, ഇവിടെയൊക്കെ കൊറോണ വലിയ പാഠങ്ങൾ നമുക്ക് നൽകി. ഇത് ഒരു നവീകരണത്തിന്റേയും വിശുദ്ധികരണത്തിന്റെയും,മാറ്റത്തിന്റേയും കാലഘട്ടമാണ്. നന്മകളോട് ചേർന്നു നിൽക്കുവാനും നന്മയിലേക്ക് വളരുവാനുമുള്ള അവസരമാണ് ഇത്.

ഒരു ചെറിയ കൊറോണ വൈറസ്സിലൂടെ നമുക്ക് ലഭിക്കുന്ന വലിയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ ജീവിതത്തെ പുതിയ ഉൾക്കാഴ്ചകളിലൂടെ ക്രമപ്പെടുത്തുവാൻ നമുക്ക് പരിശ്രമിക്കാം. സ്രഷ്ടാവിനെയും സൃഷ്ട പ്രപഞ്ചത്തെയും മറന്നു കൊണ്ടാകരുത് നമ്മുടെ പ്രയാണം. എല്ലാവരും ഒരുപോലെ പരസ്പരം കൈത്താങ്ങായി മാറിയെങ്കിൽ മാത്രമേ ഈ മഹാ വ്യാധിയേ നേരിടുവാനും തോൽപ്പിക്കുവാനും നമുക്ക് സാധിക്കുകയുള്ളു. വീണ്ടും വിശ്വാസത്തോടെ,പ്രത്യാശയോടെ,പരസ്പരം കരുതലോടെ നമുക്ക് മുന്നേറാം.

ഫാ. ഷാജൻ കുറ്റിയിൽ OIC

corona article
Advertisment