ലണ്ടന്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്നു മാറിനില്‍ക്കാന്‍ ബ്രിട്ടിഷ് പൗരന്മാര്‍ക്കു നിര്‍ദേശം. സ്വദേശത്തേക്കു തിരികെയെത്താനോ മറ്റു സുരക്ഷിതമായ രാജ്യങ്ങളിലേക്കു മാറാനോ ആണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. ഇതിന് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യും.
വൈറസ് ബാധയുടെ പ്രശ്‌നങ്ങളില്‍നിന്നു പരമാവധി ഒഴിവാകുക എന്ന ഉദ്ദേശ്യത്തോടെയാണു നിര്‍ദേശം നല്‍കുന്നതെന്നു വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. ചൈനയയിലെ നഗരങ്ങളില്‍നിന്ന് ഇപ്പോഴും ബ്രിട്ടനിലേക്കു വിമാന സര്‍വീസുകള്‍ ലഭ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വുഹാനില്‍നിന്നു നേരത്തെ ചാര്‍ട്ടേഡ് വിമാനത്തില്‍ നൂറിലറെ ആളുകളെ ബ്രിട്ടന്‍ തിരികെ എത്തിച്ചിരുന്നു. ഈ നടപടി തുടരുമെന്നും ആര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
ഇതിനു പുറമെയാണ് ഏതുവിധേനയും ചൈനയില്‍നിന്നും മാറിനില്‍ക്കാനും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കുന്നത്. ചൈനയില്‍ 30,000 ബ്രിട്ടിഷ് പൗരന്മാരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ചൈനയിലെ ബ്രിട്ടിഷ് എംബസിയിലും കോണ്‍സുലേറ്റുകളിലും അത്യാവശ്യത്തിനുള്ള ജീവനക്കാരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെയെല്ലാം സര്‍ക്കാര്‍ തിരികെ എത്തിക്കും.
നിലവില്‍ ബ്രിട്ടനില്‍ രണ്ടുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 414 കേസുകള്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. സംശയകരമായി ആശുപത്രിയില്‍ എത്തുന്നവരെയെല്ലാം പരിശോധിച്ചു രോഗം പടരുന്നതു പൂര്‍ണമായും തടയാനാണ് ശ്രമം.