ബീജിംഗ്: കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ കഴിയുമ്പോള്‍ ചൈനയില്‍നിന്നു പുറത്തുവരുന്നത് നടുക്കുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് രോഗബാധയുള്ളവര്‍ മനഃപൂര്‍വം തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ ശ്രമിക്കുന്നു എന്ന മട്ടിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലേടത്തും നിക്ഷേപിച്ചുമാണ് രോഗബാധിതര്‍ രോഗം പരത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചൈനയിലേതെന്ന് തോന്നിപ്പിക്കുന്ന ഒരു ആശുപത്രിയിലെ റിസപ്ഷനില്‍ വച്ച് മുഖംമൂടി ധരിച്ച രണ്ടുപേര്‍ റിസപ്ഷനുള്ളില്‍ ഇരിക്കുന്ന രണ്ടുപേര്‍ക്കു നേരെ തുപ്പുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനായി ഇവര്‍ കസേരയില്‍നിന്ന് എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വുഹാനില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ജെസ്സിക്ക ബെയ്‌ലിംഗ് പറയുന്നത് ഇങ്ങനെ:
''ഞങ്ങള്‍ക്കെല്ലാം പുറത്ത് പോകാന്‍ ഭയമാണ്. കഴിയാവുന്നിടത്തോളം പുറത്തുപോകുന്നത് ഞാന്‍ ഒഴിവാക്കിയിരുന്നു. ഏറെ ഭയപ്പെട്ടാണ് ഞാന്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്ക് ഇറങ്ങിയത്. കാല്‍പാദം മുതല്‍ തലവരെ ഗ്ലൗസും മറ്റ് പ്രതിരോധ സംവിധാനങ്ങളും കൊണ്ട് മൂടിയ ശേഷമാണു ഞാന്‍ പുറത്തിറങ്ങിയത്. ''രോഗം ബാധിച്ചവര്‍ തങ്ങളുടെ മുഖംമൂടികള്‍ ഊരിയ ശേഷം ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും മുഖത്തേക്ക് തുപ്പി അവര്‍ക്ക് രോഗം പകരുന്നതിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകള്‍ ഞാന്‍ കേട്ടിരുന്നു. അതുകൊണ്ടുതന്നെ പുറത്തുനിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളും ഞാന്‍ കഴുകി ഉപയോഗിക്കുമായിരുന്നു, കോഫീ സാഷെയും ചോക്ലേറ്റും വരെ''.
ഞെട്ടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. രോഗികള്‍ക്ക് മൃതശരീരങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാരുടെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. എന്നാല്‍ ഈ വീഡിയോ പുറത്തുവിട്ട സ്ത്രീയെ അധികാരികള്‍ തടഞ്ഞുവെന്നും വീഡിയോ നീക്കം ചെയ്യിപ്പിച്ചുവെന്നും ആരോപണമുണ്ട്. മരണസംഖ്യ കുറച്ചു കാണിക്കാനും, രോഗബാധയുടെ തോത് കുറച്ചുകാണിക്കുന്നതിനും വേണ്ടിയാണിതെന്നാണ് പുറത്തുവരുന്ന വിവരം.