സോള്‍: കൊറോണ വൈറസ് ബാധ ഗുരുതരമായ സാഹചര്യത്തില്‍ ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ച് ദക്ഷിണ കൊറിയ.
ജനുവരി 20-ന് ആദ്യ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തശേഷം ഇതുവരെ ഏറ്റവും കൂടുതല്‍ പേരെ ബാധിച്ച ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തുവിട്ടത്. ഒറ്റദിവസ, 813 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതോടെ ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3150 ആയി. മരണസംഖ്യ 17. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നതും ദക്ഷിണ കൊറിയയിലാണ്.
'ഈ വാരാന്ത്യത്തില്‍ നിങ്ങള്‍ പൊതുപരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുക. മതപരമായ ചടങ്ങുകളായാലും പ്രതിഷേധ പരിപാടികളായാലും ഒഴിവാക്കുക. മറ്റുള്ളവരുമായുള്ള സഹവാസം പരമാവധി കുറയ്ക്കുക. പുറത്തിറങ്ങാതെ പരമാവധി വീട്ടില്‍ത്തന്നെ തുടരുക' - ഉപ ആരോഗ്യ മന്ത്രി കിം കാങ്‌ലിപ് പറഞ്ഞു.
വൈറസ് ബാധ തടയാനുള്ള ശ്രമങ്ങളുടെ നിര്‍ണായക നിമിഷത്തിലാണ് രാജ്യമെന്നും മന്ത്രി പറഞ്ഞു. ഡേഗു നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍- 657. ഇവിടുത്തെ പള്ളിയിലെത്തിയ പേഷ്യന്റ് 31 എന്ന അപരനാമം നല്‍കിയിട്ടുള്ള അറുപത്തിയൊന്നുകാരിയില്‍ നിന്നാണ് കൊറോണ ദക്ഷിണ കൊറിയയില്‍ പൊട്ടിപ്പുറപ്പെട്ടത്.
പള്ളിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 2.8 ലക്ഷത്തോളം പേരെ ഇതിനോടകം പരിശോധിച്ചു. 3300 പേര്‍ പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. 88% പരിശോധന പൂര്‍ത്തിയായി. വടക്കന്‍ ഗ്യോങ്‌സങ്ങിനാണ് കൊറോണയില്‍ രണ്ടാം സ്ഥാനം-79. എല്‍ജി ഡിസ്‌പ്ലേ കമ്പനി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ബാങ്കിലുള്ള ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡിസ്‌പ്ലേ മൊഡ്യൂള്‍ പ്ലാന്റ് അടച്ചു. സോളില്‍ നടക്കാനിരുന്ന പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെതിരെയുള്ള വമ്പന്‍ റാലിക്ക് കോടതി അനുമതി നിഷേധിച്ചു.
അതിനിടെ ചാന്ദ്ര പുതുവര്‍ഷ അവധി കഴിഞ്ഞ് ചൈനയില്‍ നിന്ന് 70,000ത്തോളം വിദ്യാര്‍ഥികളാണ് ദക്ഷിണ കൊറിയയിലേക്കു വരാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചൈനയില്‍ നിന്നു വരുന്ന എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി 7.6 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിനു മുന്നിലുണ്ട്.
ഹോങ്കോങ്ങില്‍ നിന്നും ചൈനയില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളോട് സര്‍വകലാശാലയിലെ പ്രത്യേകയിടത്ത് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടച്ചിട്ട മുറിയിലാണു ജീവിതം. ഭക്ഷണം വാതില്‍ക്കല്‍ എത്തിക്കും. മറ്റുള്ളവരുമായി ഇടപഴകാനും അനുവാദമില്ല.