കോവിഡില്‍ നിന്നു പൂര്‍ണവിമുക്തി നേടുന്നതും രോഗാവസ്ഥയ്ക്ക് ആശ്വാസമുണ്ടാകുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന് വിദഗ്ധര്‍ . കൊറോണ വൈറസ് ബാധയുണ്ടായിക്കഴിഞ്ഞാല്‍ അണുബാധയോടു പോരാടാന്‍ ശരീരം അതിനെ ചെറുക്കാന്‍ ആന്റിബോഡിയെന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കും. ഈ ആന്റിബോഡികള്‍ വൈറസിനെ ചെറുക്കുകയും അവ പെരുകുന്നത് തടയുകയും ചെയ്യുന്നതോടെ രോഗലക്ഷണങ്ങള്‍ കുറഞ്ഞു തുടങ്ങുകയും ആശ്വാസം തോന്നുകയും ചെയ്യും.
എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നടന്നാല്‍ നിങ്ങളുടെ പ്രതിരോധ സംവിധാനം വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കും. ഇത്തരത്തില്‍ വൈറസ് ബാധയുണ്ടായതിനു ശേഷം യാതൊരു ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളോ ബലഹീനതകളോ ഇല്ലാതെ അതിജീവിച്ചാല്‍ അതിനെയാണു പൂര്‍ണ രോഗവിമുക്തി എന്നു പറയുന്നത്.
സാര്‍സ് കോവ് 2 വൈറസ് ബാധയുണ്ടാകുന്ന ഒരാള്‍ക്കു രോഗലക്ഷണം കണ്ട് ശരാശരി ഏഴു ദിവസം വരെ അവശത അനുഭവപ്പെടുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞും രോഗിയുടെ ശരീരത്തില്‍ ചെറിയ തോതില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നു ദിവസം കൂടി ഇവരെ ഐസലേഷനില്‍ തന്നെ സൂക്ഷിച്ച് പൂര്‍ണ രോഗവിമുക്തി ഉറപ്പാക്കണം.
കൊറോണ വൈറസ് അപകടകാരിയായതിനാല്‍ അമേരിക്കയില്‍ കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരാള്‍ പൂര്‍ണ രോഗവിമുക്തി നേടിയോ എന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) സ്ഥിരീകരിക്കുകയുള്ളു. മെഡിക്കല്‍, പരിശോധനാ നടപടിക്രമങ്ങളാണു പിന്തുടരുന്നത്. പനി മരുന്നുകള്‍ നല്‍കാതെ തന്നെ ഒരാള്‍ക്ക് തുടര്‍ച്ചയായി മൂന്നു ദിവസം പനി ഇല്ലാതിരിക്കണം. ചുമ കുറയുക, ശ്വാസക്രമം സാധാരണനിലയിലാകുക തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയും കണക്കിലെടുക്കും.
രോഗലക്ഷണം കണ്ട് കുറഞ്ഞത് ഏഴു ദിവസമെങ്കിലും കഴിയുകയും വേണം. ഇതിനു പുറമേ 24 മണിക്കൂര്‍ വ്യത്യാസത്തില്‍ നടത്തുന്ന രണ്ടു പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയിരിക്കണം. ഇത്തരത്തില്‍ മെഡിക്കല്‍, പരിശോധനാ മാനദണ്ഡങ്ങള്‍ കൃത്യമായിരുന്നാല്‍ മാത്രമേ അയാള്‍ പൂര്‍ണരോഗവിമുക്തി നേടിയെന്ന് സിഡിഎസ് അംഗീകരിക്കുകയുള്ളു. അമേരിക്കയില്‍ ആദ്യഘട്ടത്തില്‍ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത നേരിട്ടതു കൊണ്ടാണ് രോഗം ഭേദമായവരുടെ എണ്ണം സ്ഥിരീകരിക്കാതിരുന്നത് .
മാര്‍ച്ച് പകുതിയില്‍ രോഗവിമുക്തി നേടുന്നവരുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം ആയിരങ്ങളാണു രോഗം ഭേഭമായി ആശുപത്രി വിടുന്നത്.