ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ മാര്‍ച്ച് 16 നു മെഡിക്കൽ കോളേജില്‍ പരിശോധന നടത്തി. കൊറോണ ഇല്ലെന്ന് കണ്ടെത്തിയതിനാല്‍ നിരീക്ഷണത്തിലിരിക്കാന്‍ പോലും പറഞ്ഞില്ല. എന്നിട്ടും അദ്ദേഹം പുറത്തിറങ്ങിയില്ല. കൊറോണ സ്ഥിരീകരിച്ചത് 26 നു മാത്രം. യാത്രകള്‍ മുഴുവന്‍ രോഗം വരുന്നതിനു മുന്‍പ്. എന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ അവഹേളിച്ചത് തരംതാണ രാഷ്ട്രീയം- മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പൊളിച്ചടുക്കി പി ടി തോമസ്‌ എംഎല്‍എ

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, March 28, 2020

കൊച്ചി : മാര്‍ച്ച് 16 മുതല്‍ ഇടുക്കി മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയനാകുകയും കൊറോണ രോഗബാധ ഇല്ലെന്ന് കണ്ടെത്തിയതിനാല്‍  മെഡിക്കൽ കോളേജ് അധികൃതര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിക്കാതിരിക്കുകയും ചെയ്തിട്ടും സ്വയം നിരീക്ഷണത്തിനു വിധേയനായ ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാക്കുകള്‍ തരംതാണ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ്‌ എംഎല്‍എ.

കഴിഞ്ഞ 26 നു കൊറോണ വൈറസ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍റെ ആരോഗ്യ പരിശോധനാ വിവരങ്ങളും യാത്രാ വിവരങ്ങളും വ്യക്തമായി പ്രതിപാദിച്ചുകൊണ്ടാണ് പി ടി തോമസിന്‍റെ പ്രതികരണം.

പി ടിയുടെ വാക്കുകള്‍ ഇങ്ങനെ : –

ഇടുക്കിയിലെ കോവിഡ് ബാധിതനെക്കുറിച്ചു ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരാമർശം നിർഭാഗ്യകരമാണ്. പൊതുപ്രവർത്തകന് ജാഗ്രതകുറവുണ്ടായി എന്ന മുഖ്യമന്ത്രിയുടെ വിലയിരുത്തൽ വസ്തുതകൾക്ക് നിരക്കാത്തതാണ്. മാർച്ച് 15 ന് ചെറിയ പനി അനുഭവപ്പെട്ട രോഗി മാർച്ച് 16 ന് രാവിലെ ഇടുക്കി മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയനായി.

പ്ലേറ്റ്ലെറ്റ് കൗണ്ട് അൽപ്പം കുറവുണ്ടെന്നല്ലാതെ മറ്റ് പ്രേശ്നങ്ങൾ ഇല്ലായെന്ന് പറഞ്ഞ് ഡോക്ടർമാർ അദ്ദേഹത്തെ പറഞ്ഞയച്ചു. 18 ന് വീണ്ടും പരിശോധനയ്‌ക്കെത്തിയ രോഗിയുടെ പരിശോധനഫലം കുഴപ്പമില്ലെന്നും പ്ലേറ്റ്ലെറ്റ് കൗണ്ട് കൂടിയതായും അറിയിച്ചു പറഞ്ഞയച്ചു.

23 ന് വീണ്ടും ആശുപത്രിയെ സമീപിച്ചപ്പോൾ മലേറിയ – ടൈഫോയിഡ്‌ ടെസ്റ്റ് കൂടി നടത്തണം മെഡിക്കൽ കോളേജിൽ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ലാബിൽ പറഞ്ഞയച്ചു 24 ന് വീണ്ടും മെഡിക്കൽ കോളേജിൽ സ്രവം ടെസ്റ്റ് നടത്തി, 26 ന് പരിശോധനാഫലം വന്നപ്പോൾ രോഗം ഉള്ളതായി കണ്ടെത്തി. മാർച്ച് 16 മുതൽ 26 വരെയുള്ള 10 ദിവസം ഡോക്ടർമാരുടെ നിർദേശം അക്ഷരംപ്രതി പാലിച്ച രോഗി എന്തു ജാഗ്രതകുറവാണ് നടത്തിയതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.

18 ന് ഒരു കുഴപ്പവും ഇല്ലായെന്ന് ഡോക്ടർമാർ പറഞ്ഞതിനനുസരിച്ചു 20 ന് വീടിനടുത്തുള്ള പള്ളിയിൽ അൽപ്പസമയം പോയതല്ലാതെ 10 ദിവസവും മറ്റൊരുസ്ഥലത്തും രോഗി പോയിട്ടില്ല, മാത്രമല്ല രോഗിയോട് നിരീക്ഷണത്തിലായിരിക്കണമെന്നോ, പുറത്തുപോകരുതെന്നോ ഡോക്ടർമാർ പറഞ്ഞതുമില്ല. കാര്യങ്ങൾ മനസിലാക്കാതെ ബാലിശമായി നടത്തിയ പ്രസ്താവനയിലൂടെ താൻ മുഖ്യമന്ത്രി മാത്രമല്ല തരംതാണ രാഷ്ട്രീയക്കാരനും കൂടിയാണെന്ന് മുഖ്യമന്ത്രി തെളിയിച്ചിരിക്കുകയാണ്.

ഒരു കാര്യം വ്യക്തമാണ് രോഗി ഒരു പൊതുപ്രവർത്തകൻ ആയിരുന്നത് കൊണ്ട് മാത്രമാണ് മൂന്നാം പ്രാവശ്യം മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ എങ്കിലും സ്രവം പരിശോധനയ്ക്കയച്ചത്? യഥാർത്ഥത്തിൽ രണ്ടു – മൂന്ന് പ്രാവശ്യം പരിശോധിച്ച ഡോക്ടർമാരല്ലേ ഈക്കാര്യം കൂടുതൽ ജാഗ്രതയോടെ ചെയ്യേണ്ടിയിരുന്നത്? മറ്റൊരുതലത്തിൽ പറഞ്ഞാൽ പനി ചുമ എന്നീ ലക്ഷണങ്ങളുമായി നമ്മുടെ ആശുപത്രികളിലെത്തുന്ന നിരവധി രോഗികളുടെ സ്രവം പരിശോദിക്കുന്നില്ലയെന്നതു കൂടിയല്ലേ ഇതിൽ നിന്നും വെളിവാക്കുന്നത്?

അപ്പോൾ ഇടുക്കിയിൽ രോഗം ബാധിച്ച രോഗിക്കണോ നമ്മുടെ ഭരണസംവിദാനത്തിനാണോ ജാഗ്രതകുറവ് ഉള്ളതെന്ന്കൂടി ഓർക്കുന്നത് നല്ലതാണ്. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് രോഗി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു എന്നാൽ റൂട്ട്മാപ്പിൽ ഫെബ്രുവരി 29 ന് തിരുവന്തപുരത്തു നിന്നാണ് ആരംഭിക്കുന്നത്. അത് മുതൽ മാർച്ച് 26 വരെ രോഗി കാസർഗോഡ് പോയിട്ടില്ല.

രോഗിക്ക് പനി ബാധിച്ച 14 മുതൽ കണ്ടുപിടിക്കുന്ന 26 വരെയുള്ള സമയത്തും രോഗിയുടെ ഭാഗത്തു ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. രോഗം ബാധിച്ച ഒരാളോട് കാണിക്കേണ്ട അനുകമ്പയ്ക്ക് പകരം രാഷ്ട്രീയമാനമുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായത്. ജീവൻപോലും പണയംവെച്ച് തെരുവിൽ ട്രാഫിക് ക്രമപ്പെടുത്തുന്ന പോലീസുകാരനെ ഭീഷണിപെടുത്തുന്ന സക്കീർ ഹുസൈൻമാരുടെ ജാഗ്രതക്കുറവ് മുഖ്യമന്ത്രിയുടെ പെറ്റി പൊളിറ്റിക്സ് മൂലം കാണാതെ പോകുകയാണ്.

കൊല്ലത്തുനിന്നും കണ്ണ് വെട്ടിച്ചു സബ്‌കലക്റ്റർ നാടുവിട്ടപ്പോഴോ, ഡി ജി പി അടക്കമുള്ളവർ വിദേശപര്യടനം കഴിഞ്ഞു നിരീക്ഷണത്തിലിരിക്കാതെ നാട് ചുറ്റുമ്പോഴും ജാഗ്രതക്കുറവുണ്ടായി എന്ന് പോലും ഞങ്ങളാരും പറയാത്തത് നമ്മുടെ രാജ്യവും, നമ്മുടെ കേരളവും കൈകോർത്തിരിക്കുന്ന ഐക്യത്തിന് കോട്ടം തട്ടാതിരിക്കാനാണ്. പറയാൻ അറിയാഞ്ഞിട്ടല്ല… ഇത്തരം സന്ദർഭങ്ങളിൽ ഒരു സ്റ്റേറ്റ്മാനായി ഉയരേണ്ട നമ്മുടെ മുഖ്യമന്ത്രി ഇപ്പോഴും ” എടാ ഗോപാലകൃഷ്ണ ” തലത്തിലേക്ക് തരം താഴുന്നതിൽ ഖേദമുണ്ട്. രോഗത്തെ വെറുക്കു രോഗിയെ സ്നേഹിക്കു എന്ന മാനവതത്വം മുഖ്യമന്ത്രി മുറുകെപിടിക്കുമെന്നു കരുതുന്നു.

×