വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, നൈജീരിയ, ബലറൂസ് എന്നിവിടങ്ങളിലും കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ 50 രാജ്യങ്ങള്‍ വൈറസിന്റെ പിടിയിലായി. എണ്‍പത്തിനാലിയരത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ഇറാനില്‍ കൊറോണ മരണം 34 ആയി. ഇന്നലെ മാത്രം 8 മരണം റിപ്പോര്‍ട്ടു ചെയ്തു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇറാനിലാണ്. ചൈനയില്‍ മരണം 2788 ആയി. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 13. ഇറ്റലിയില്‍ 17 പേര്‍ മരിച്ചു. ജാപ്പനീസ് കപ്പലായ ഡയമന്‍ഡ് പ്രിന്‍സിലെ ഒരു യാത്രക്കാരി കൂടി ഇന്നലെ മരിച്ചതോടെ കപ്പലിലെ കൊറോണ മരണം അഞ്ചായി.
കാലിഫോര്‍ണിയയില്‍ 33 പേര്‍ക്കുള്‍പ്പെടെ അമേരിക്കയില്‍ 60 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യത്. ആസ്‌ട്രേലിയയില്‍ 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലയിലും ആഫ്രിക്കയിലും രോഗബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇറാനില്‍ നിന്നുള്ളവര്‍ രാജ്യത്തെത്തുന്നതിന് റഷ്യ താത്കാലിക നിരോധനം ഏര്‍പ്പെടുത്തി.
കേരളത്തില്‍ നിന്നുള്‍പ്പെടെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരെ സൗദി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. തിരുവനന്തപുരത്തു നിന്നു പോയ വിമാനത്തിലെ യാത്രക്കാരെ ദമാം വിമാനത്താവളത്തിലാണ് തടഞ്ഞത്. ഇഖാമ അടക്കം തൊഴില്‍ രേഖകളുള്ളവരാണ് ഇവരില്‍ പലരും. ഇവരെ തിരികെ നാട്ടിലേക്ക് അയയ്ക്കുമെന്നാണ് സൂചന. രോഗബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഉംറ വിസ നല്‍കുന്നത് താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്.
സൗദി അറേബ്യ യാത്രയ്ക്ക് കടുത്ത വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് രാജ്യത്തിന് പുറത്ത് പോകുന്നവരെ തിരിച്ചെത്താന്‍ അനുവദിക്കില്ല. മറ്റു രാജ്യക്കാര്‍ ഇറാന്‍ സന്ദര്‍ശിച്ചവരാണെങ്കില്‍ പതിനാല് ദിവസം കഴിയാതെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. വിലക്ക് ലംഘിച്ചു ഇറാന്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.
അതിനിടെ ജപ്പാന്‍, ദക്ഷിണ കൊറിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ 'വിസ ഓണ്‍ അറൈവല്‍' സേവനത്തില്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് നാലു മുതല്‍ സൈപ്രസില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പിന്മാറ്റം. സൈപ്രസില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് നിരീക്ഷിക്കുകയാണ്.
കൊറോണ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തല്‍ ഓഹരി വിപണികളെ ഇന്നലെ വന്‍ നഷ്ടത്തിലേക്ക് വീഴ്ത്തി.സെന്‍സെക്സ് 1448 പോയിന്റും നിഫ്റ്റി 431 പോയിന്റുമാണ് ഇടിഞ്ഞത്. ഇന്നലെ മാത്രം 5.53 ലക്ഷം കോടി രൂപ സെന്‍സെക്സില്‍ കൊഴിഞ്ഞു. ആറുദിവസത്തിനിടെ നഷ്ടം 11.84 ലക്ഷം കോടി രൂപ.കൊറോണ മൂലം 2020ല്‍ ആഗോള സമ്പദ്വളര്‍ച്ചയില്‍ 1.3 ശതമാനം കുറവുണ്ടാകുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍. 110 ലക്ഷം കോടി ഡോളറിന്റെ നഷ്ടം.
രാജ്യം, രോഗബാധിതര്‍, മരണം
ചൈന: 80,000, 2788
ദക്ഷിണ കൊറിയ: 2337, 13
ഇറ്റലി: 453, 17
ഇറാന്‍: 270, 34
ജപ്പാന്‍: 214, 4
ഹോങ്കോംഗ് : 93, 2
ഫ്രാന്‍സ്: 18, 2
സംസ്ഥാനം കൊറോണ മുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ജാഗ്രത തുടരും. മലേഷ്യയില്‍ നിന്നു നെടുമ്പാശേരിയില്‍ വന്ന ഒരാള്‍ക്ക് ചില ലക്ഷണങ്ങളുള്ളതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സാമ്പിളുകളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. വിവിധ ജില്ലകളിലായി 136 പേര്‍ നിരീക്ഷണത്തിലുണ്ട്.
- മന്ത്രി ശൈലജ