Advertisment

കൊവിഡ് സമൂഹവ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍; രാജ്യത്ത് വലിയ തോതില്‍ സമൂഹ വ്യാപനം ഉണ്ടായതായി വ്യക്തമാക്കി ആരോഗ്യ വിദഗ്ധര്‍!

New Update

ഡല്‍ഹി : രാജ്യത്ത് വലിയ തോതില്‍ സമൂഹവ്യാപനം ഉണ്ടായതായി പകര്‍ച്ചവ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.ഇന്ത്യന്‍ പബ്ലിക് ഹെല്‍ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡെമിറ്റോളജിസ്റ്റ്‌സ് എന്നീ സംഘടനകളാണ് കേന്ദ്ര നടപടികളെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

Advertisment

publive-image

ഒരു പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മോഡലിന്റെ ചുവടുപിടിച്ചാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും ഇവര്‍ വിമര്‍ശിക്കുന്നു. ഇത്തരം സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ രോഗവ്യാപനത്തെക്കുറിച്ച് ധാരണയുള്ള പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധരുമായും മറ്റും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പ്രതിരോധ സംവിധാനം കൂടുതല്‍ ഫലപ്രദമാകുമായിരുന്നു.

ഭരണാധികാരികള്‍ ചില ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതിന്റെ വിലയാണ് ഇപ്പോള്‍ രാജ്യം നല്‍കേണ്ടിവരുന്നതെന്നും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണം, പൊതു ആരോഗ്യം, പ്രതിരോധമരുന്ന്, സാമൂഹിക സേവനം എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുമായി ചര്‍ച്ച നടത്തണമായിരുന്നു. ഗവേഷകര്‍, പൊതുആരോഗ്യ വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുമായി സുതാര്യമായി വിവരങ്ങള്‍ പങ്കുവയ്ക്കണം. എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂരിഭാഗം കേസുകളും ലക്ഷണങ്ങളില്ലാത്തതോ കുറച്ചു ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയതിനാല്‍ ആശുപത്രി ചികിത്സയേക്കാള്‍ വീടുകളില്‍ ചികിത്സ ലഭ്യമാക്കുന്നതാണ് ഉചിതമെന്നും ഇവര്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം ചെറിയതോതിലായിരുന്ന ആദ്യഘട്ടത്തില്‍ത്തന്നെ അതിഥിതൊഴിലാളികളെ നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമായിരുന്നു.

ഇപ്പോള്‍ മടങ്ങിപ്പോകുന്നവര്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം എത്തിക്കുകയാണ്. ഇത് ഒഴിവാക്കണമായിരുന്നു. പൊതുആരോഗ്യ സംവിധാനം ദുര്‍ബലമായ ഗ്രാമീണമേഖലകളില്‍ ഇത്തരത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

covid 19 lock down corona virus
Advertisment