അമേരിക്കയില്‍ കൊവിഡ് മരണം ഒരുലക്ഷം കടന്നു, ലോകത്ത് മൂന്നരലക്ഷവും; 24 മണിക്കൂറില്‍ മരണം 4,053, ആകെ 56.78 ലക്ഷം രോഗികള്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, May 27, 2020

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,053 പേരാണ് ലോകത്ത് മരിച്ചത്. ഇതോടെ ആകെ മരണം 3.51 ലക്ഷമായാണ് ഉയര്‍ന്നത്. ഇന്നലെ മാത്രം 94,313 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 56.78 ലക്ഷമായി. വിവിധ രാജ്യങ്ങളിലായി 24.26 ലക്ഷം പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുളളത് 29 ലക്ഷം ആളുകളാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അമേരിക്കയിലെ കൊവിഡ് മരണനിരക്ക് ആയിരത്തില്‍ താഴെയാണ്. ഇന്നലെ 768 പേര്‍ മരിച്ചതോടെ ആകെ മരണം ഒരുലക്ഷം കടന്നു. പുതിയതായി 19,263 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 17.25 ലക്ഷമായി. ലോകത്തെ കൊവിഡ് വ്യാപനത്തിന്റെ പുതിയ കേന്ദ്രമായി ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബ്രസീലിലാണ്, 1,027 പേര്‍. പതിനയ്യായിരത്തിലേറെ പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ ബ്രസീലിലെ രോഗികളുടെ എണ്ണം 3.92 ലക്ഷമായി ഉയര്‍ന്നു.

സ്‌പെയിനില്‍ 280, മെക്‌സിക്കോയില്‍ 239, ഇന്ത്യയില്‍ 177, റഷ്യയില്‍ 174, പെറുവില്‍ 159, യുകെയില്‍ 134, ക്യാനഡയില്‍ 94, ഫ്രാന്‍സില്‍ 98 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണനിരക്ക്. ബ്രിട്ടണില്‍ 37,048 പേരും ഇറ്റലിയില്‍ 32,955 പേരും ഫ്രാന്‍സില്‍ 28,530 പേരും സ്‌പെയിനില്‍ 27,117 പേരും ബ്രസീലില്‍ 24,549 പേരുമാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.

ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയില്‍ ഇന്നലെ 12 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 411 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1,931 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 76,726 ആയി. ഖത്തറില്‍ ഇന്നലെ രണ്ട് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 28 പേര്‍ മരിച്ച ഖത്തറില്‍ കൊവിഡ് ബാധിതരുടെ എണ്ണം 47,207 ആണ്. യുഎഇയില്‍ അഞ്ച് പേര്‍ കൂടി മരിച്ചതോടെ 253 ആയി മരണനിരക്ക്. 31,086 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

കുവൈത്തില്‍ ഇന്നലെ ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണം 172, രോഗബാധിതരുടെ എണ്ണം 22,575. ബഹ്‌റൈനിലും ഒമാനിലും ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹ്‌റൈനില്‍ 9,366 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 14 പേരാണ് ഇവിടെ മരിച്ചത്. ഒമാനില്‍ 8,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 37 പേര്‍ക്ക് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.

×