24 മണിക്കൂറില്‍ 4,852 മരണം, 1.24 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോകത്ത് രോഗികളുടെ എണ്ണം 60 ലക്ഷം കടന്നു, മുന്നില്‍ അമേരിക്ക

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, May 30, 2020

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത് 4,852 പേര്‍. പുതിയതായി 1.24 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ ആകെ മരണം 3.66 ലക്ഷമായി. 213 രാജ്യങ്ങളിലായി 60.25 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായി ഇതുവരെ കണ്ടെത്തിയത്. ഇതില്‍ 26.55 ലക്ഷം പേരുടെ അസുഖം ഭേദമായി. നിലവില്‍ 30 ലക്ഷം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അതില്‍ അരലക്ഷത്തിലേറെ പേരുടെ നില ഗുരുതരമാണ്.

17 ലക്ഷത്തിലേറെ പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1,201 പേരാണ് മരിച്ചത്. ആകെ മരണം 1.04 ലക്ഷമായി. ഇന്നലെ മാത്രം 24,599 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 17.93 ലക്ഷമായി. കൊവിഡിന്റെ പുതിയ പ്രഭവകേന്ദ്രമായ ബ്രസീലില്‍ ഇന്നലെ 1,180 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 27,944. ബ്രസീലില്‍ 4.68 ലക്ഷം പേരിലാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.

മെക്‌സിക്കോയില്‍ 447 പേരും യുകെയില്‍ 324 പേരും ഇന്ത്യയില്‍ 269 പേരും റഷ്യയില്‍ 232 പേരും പെറുവില്‍ 131 പേരും ക്യാനഡയില്‍ 102 പേരുമാണ് ഇന്നലെ മരിച്ചത്. സ്‌പെയിനിലെ മരണനിരക്കില്‍ കാര്യമായ കുറവുണ്ട്. ഇന്നലെ രണ്ടുമരണം മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ ഇന്നലെ പുതിയതായി മരണമോ രോഗമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗദി അറേബ്യയില്‍ 17 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 458 ആയി ഉയര്‍ന്നു. 81,766 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തിയത്. ഖത്തറില്‍ ഇന്നലെ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 36. രോഗികളുടെ എണ്ണം 52,907. യുഎഇയില്‍ രണ്ടുപേര്‍ മാത്രമാണ് ഇന്നലെ മരിച്ചത്. ആകെ മരണം 260, രോഗികളുടെ എണ്ണം 33,170. കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഒമ്പത് മരണം സ്ഥിരീകരിച്ചു. ആകെ മരണം 194, രോഗികള്‍ 25,184. ബഹ്‌റൈനിലും ഒമാനിലും ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 15 പേര്‍ മാത്രം മരിച്ച ബഹ്‌റൈനില്‍ 10,449 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമാനില്‍ 40 പേര്‍ മരിക്കുകയും 9,820 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

യൂറോപ്പില്‍ റഷ്യ, സ്‌പെയിന്‍, യുകെ എന്നി രാജ്യങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതല്‍. റഷ്യയില്‍ 3.87 ലക്ഷം, സ്‌പെയിനില്‍ 2.85 ലക്ഷം, യുകെയില്‍ 2.71 ലക്ഷം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. രോഗികളുടെ എണ്ണത്തില്‍ റഷ്യയാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും 4,374 മരണം മാത്രമേ റഷ്യയില്‍ ഇതുവരെ സംഭവിച്ചിട്ടുളളൂ.

17 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷം പിന്നിട്ടു

17 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷം പിന്നിട്ടു.
തെക്കേ അമേരിക്കയില്‍ യുഎസ്എ, ക്യാനഡ, മെക്‌സിക്കോ എന്നി രാജ്യങ്ങളിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍. അമേരിക്കയില്‍ 17.93 ലക്ഷവും ക്യാനഡയില്‍ 89,418, മെക്‌സിക്കോയില്‍ 81,400ഉം രോഗികളാണുളളത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ബ്രസീലില്‍ 4.68 ലക്ഷവും പെറുവില്‍ 1.48 ലക്ഷവും ചിലിയില്‍ 90,638ഉം രോഗികളാണുളളത്. ആഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയിലാണ് രോഗികള്‍ കൂടുതല്‍ 29,240 പേര്‍. ഈജിപ്തില്‍ 22,082 പേരും നൈജീരിയയില്‍ 9,302 പേരുമാണുളളത്.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുളള രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഇന്ത്യയില്‍ 1.73 ലക്ഷവും തുര്‍ക്കിയില്‍ 1.62 ലക്ഷവും ഇറാനില്‍ 1.46 ലക്ഷവുമാണ് രോഗബാധിതര്‍. ഏഷ്യയില്‍ രോഗികളുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്താണെങ്കിലും മരണനിരക്ക് ഇറാനില്‍ കൂടുതലാണ് 7,677 പേരാണ് ഇതുവരെ മരിച്ചത്.

 

×