സാമൂഹിക അകലം പാലിക്കണമെന്നത് സമാന്യബോധത്തിന്റെ ഭാഗമാണ്; പുറത്ത് ആറടി അകലമെന്നു പറയുമ്പോൾ വിമാനത്തിനുള്ളിലും ഇത് വേണമെന്ന് അറിയില്ലേ?;വിദേശത്തു നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള രാജ്യാന്തര വിമാനങ്ങളിലെ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടണമെന്ന് സുപീംകോടതി; ജൂണ്‍ 6 വരെയുള്ള ടിക്കറ്റുകൾ വിറ്റുപോയതിനാൽ എയർ ഇന്ത്യയ്ക്ക് അടുത്ത 10 ദിവസം മധ്യഭാഗത്തെ സീറ്റിൽ ആളുകളെ കയറ്റാം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 25, 2020

ഡൽഹി: വിദേശത്തു നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള രാജ്യാന്തര വിമാനങ്ങളിലെ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടണമെന്ന് സുപീംകോടതി. കൊറോണ വൈറസിനെതിരായ മുൻകരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്നത് സമാന്യ ബോധത്തിന്റെ ഭാഗമാണ്.

എന്നാൽ ജൂണ്‍ 6 വരെയുള്ള ടിക്കറ്റുകൾ വിറ്റുപോയതിനാൽ എയർ ഇന്ത്യയ്ക്ക് അടുത്ത 10 ദിവസം മധ്യഭാഗത്തെ സീറ്റിൽ ആളുകളെ കയറ്റാമെന്നും കോടതി നിർദേശിച്ചു. രാജ്യാന്തര വിമാനങ്ങൾക്കു മാത്രമാണു നിലവിൽ സുപ്രീംകോടതി നിർദേശം ബാധകം. ഇന്ന് ആരംഭിച്ച ആഭ്യന്തര വിമാന സർവീസുകളിൽ മധ്യഭാഗത്തെ സീറ്റിലും യാത്ര ചെയ്യാം.

സാമൂഹിക അകലം പാലിക്കണമെന്നത് സമാന്യബോധത്തിന്റെ ഭാഗമാണ്. പുറത്ത് ആറടി അകലമെന്നു പറയുമ്പോൾ വിമാനത്തിനുള്ളിലും ഇത് വേണമെന്ന് അറിയില്ലേയെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു. അതേസമയം, സീറ്റ് ഇടവിട്ടിരിക്കുന്നതിലും നല്ലത് പരിശോധനയും ക്വാറന്റീനുമാണെന്നു സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

എന്നാൽ മേത്തയുടെ വാദത്തിനെതിരെ ചീഫ് ജസ്റ്റിസ് ശക്തമായി ആഞ്ഞടിച്ചു. അടുത്തടുത്തിരുന്നാലും വൈറസ് യാത്രക്കാരെ ബാധിക്കില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാനാകും.

വിമാനത്തിനുള്ളിൽ വച്ച് പടരരുതെന്ന് വൈറസിന് അറിയാമോ? നിങ്ങൾ അടുത്തടുത്ത സീറ്റുകളിലിരുന്നാൽ ഉറപ്പായും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 6 വരെയുള്ള ബുക്കിങ് പൂർത്തിയായതിനാൽ അതുവരെ മധ്യഭാഗത്തെ സീറ്റിൽ യാത്രക്കാരെ അനുവദിക്കാം. അതിനുശേഷം ആരും മധ്യഭാഗത്തെ സീറ്റിലിരുന്നു യാത്ര ചെയ്യാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

×