മൈസൂർ : കൊറോണ ഭീതിയില്‍ നിന്നും രക്ഷപെടാനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് ലോകം. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയില്‍ തന്നെയാണ് പല പ്രതിരോധ മാര്‍ഗങ്ങളും ആദ്യം പരീക്ഷിക്കപ്പെട്ടത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതില്‍ പെടുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും കൊറോണയില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.
ഓട്ടോമാറ്റിക് കാര്‍വാഷ് പോലുള്ള ഈ സംവിധാനത്തിനുള്ളില്‍ കയറി നിന്നാല്‍ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളില്‍ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണല്‍ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഈ ഉപകരണത്തെ കാണുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാനായി മൈസൂർ നഗരത്തിൽ പ്രതിരോധ നടപടികളുടെ ഒരു പുതിയ മാർഗം സിറ്റി കോർപ്പറേഷൻ സ്വീകരിച്ചു. ചൈനയിൽ നേരത്തെ തന്നെ ഇത്തരം നിരവധി ടണലുകൾ നിർമിച്ചിരുന്നു. ഇതേ മാതൃത തന്നെയാണ് മൈസൂരിലും കാണുന്നത്. ഇവിടെ എത്തുന്നവരെ അണുവിമുക്തമാക്കൽ പ്രത്യേകം തുരങ്കങ്ങളാണ് നിർമിച്ചിരിക്കുന്നത്. മൈസൂരിലെ എക്സിബിഷൻ ഗ്രൗണ്ട് മാർക്കറ്റിന്റെ പ്രവേശന കവാടത്തിലാണ് തുരങ്കം നിർമ്മിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെല്ലാം മാര്‍ക്കറ്റിൽ പ്രവേശിക്കുന്നതിന് മുൻപ് അണുനാശിനി തുരങ്കത്തിലൂടെ കടന്നുപോകണം. കൊറോണ വൈറസ് കൂടുതൽ പടരാതിരിക്കുന്നതിനാണ് ഈ നടപടി. കുറഞ്ഞത് മൂന്ന് നാല് സെക്കൻഡ് നേരത്തേക്ക് ആളുകൾ തുരങ്കത്തിനുള്ളിൽ നടക്കാൻ ആവശ്യപ്പെടുന്നുണ്ട്.
തുരങ്കത്തിന്റെ മുകളിൽ നോസിലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ആളുകൾ നടക്കുമ്പോൾ അണുനാശിനി തളിക്കും. സന്ദർശിക്കുന്ന ആളുകളോട് കൈകൾ ഉയർത്താൻ നിർദ്ദേശിക്കുന്നുണ്ടെന്നും മൈസൂർ സിറ്റി കോർപ്പറേഷൻ ഹെൽത്ത് ഓഫിസർ ഡോ. നാഗരാജ് പറഞ്ഞു. നഗരത്തിലെ ബാനിമന്താപ്, ലളിത മഹൽ എന്നിവിടങ്ങളിലും സമാനമായ ഒരു സംവിധാനം നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ട്. തെന്നംപാളയം പച്ചക്കറി വിപണി അണുവിമുക്തമാക്കുന്നതിനായി തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലാ ഭരണകൂടമാണ് ആദ്യമായി അണുനാശിനി തുരങ്കം നിർമ്മിച്ചത്.
ചൈനയിലെമ്പാടും രോഗാണു നാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ട്രക്കുകളും അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം മുന്‍കരുതല്‍ നടപടികള്‍ കൊണ്ട് കൊറോണയില്‍ നിന്നും രക്ഷപ്പെടാനാകുമോ? ഇല്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.