സുഹൃത്തുക്കളുമായി മദ്യപിക്കുമ്പോൾ കുഴഞ്ഞുവീണു, ആശുപത്രിയിലെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊവിഡ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 1, 2020

നെടുമങ്ങാട്: സുഹൃത്തുക്കളുമായുളള മദ്യപാനത്തിനിടെ ഛർദിച്ച് കുഴഞ്ഞവീണയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൊവിഡ്. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഛർദിച്ച് കുഴഞ്ഞുവീണപ്പോൾ സുഹൃത്തുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയം തോന്നി. തുടർന്ന് മെഡിക്കൽ കോളെജിലേക്ക് മാറ്റി കൊവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ തമിഴ്നാട്ടിൽ പോയി മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്ന് പകർന്നതാകാമെന്നാണ് സൂചന.

മെയ് 28നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ പ്ലാവിൽ നിന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കാസർകോട് സ്വദേശിക്കും ഇതുപോലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് നിലവിൽ 670 കൊവിഡ് രോ​ഗികളാണ് ആശുപത്രിയിൽ ചികിത്സയിലുളളത്. 590 പേരുടെ അസുഖം ഭേദമായി. ഇന്നലെ കോഴിക്കോട് ഒരാൾ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം പത്തായി.

×