Advertisment

24 മണിക്കൂറില്‍ 3,010 മരണം, 1.02 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോകത്ത് മരണം 3.77 ലക്ഷം, ബ്രസീലില്‍ 30,000 കടന്നു

New Update

കൊവിഡിനെ തുടര്‍ന്ന് ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ രാജ്യങ്ങളിലായി മരിച്ചത് 3,010 പേര്‍. 213 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച മഹാമാരി ഇന്നലെ 102,612 പേര്‍ക്ക് കൂടി ബാധിച്ചതായി കണ്ടെത്തി. ഇതോടെ ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 63.61 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകള്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്.

Advertisment

publive-image

അമേരിക്കയില്‍ ഇന്നലെ 726 പേര്‍ മരിക്കുകയും 22,254 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.1.06 ലക്ഷം പേര്‍ മരിച്ച അമേരിക്കയില്‍ 18.59 ലക്ഷം ആളുകള്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 6.15 ലക്ഷം പേരുടെ അസുഖം ഭേദമായി. നിലവില്‍ 11.37 ലക്ഷം പേരാണ് ചികിത്സയിലുളളത്.

ലോകത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബ്രസീലിലാണ്. 732 പേര്‍ ഇന്നലെ മാത്രം മരിച്ചതോടെ ബ്രസീലിലെ മരണനിരക്ക് 30,000 കടന്നു. 14,169 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 5.29 ലക്ഷം. സ്‌പെയിന്‍, ചൈന എന്നി രാജ്യങ്ങളില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 200, റഷ്യയില്‍ 162, യുകെയില്‍ 111, പെറുവില്‍ 128, മെക്‌സിക്കോയില്‍ 151, ഇറ്റലിയില്‍ 60, ഫ്രാന്‍സില്‍ 31, ഇറാനില്‍ 81 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കൊവിഡ് മരണം.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ 22 പേര്‍ മരിക്കുകയും 1,881 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സൗദിയിലെ ആകെ മരണം 525 ആയി. രോഗബാധിതര്‍ 87,142. ഇതില്‍ 64,306 പേരുടെയും അസുഖം ഭേദമായി. ഖത്തറില്‍ ഇന്നലെ രണ്ടുപേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 58,433 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഖത്തറില്‍ ഇതുവരെ 40 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യുഎഇയില്‍ ഇന്നലെ രണ്ട് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ ആകെ മരണം 266 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം 35,192. കുവൈത്തില്‍ എട്ടുപേര്‍ മരിക്കുകയും 719 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ മരണം 220, രോഗികളുടെ എണ്ണം 27,762. ഒമാനില്‍ ഒരാള്‍ മാത്രമാണ് ഇന്നലെ മരിച്ചത്. 12,223 രോഗികളുളള ഒമാനില്‍ ആകെ 50 പേരാണ് ഇതുവരെ മരിച്ചത്.

അതേസമയം ബഹ്‌റൈനില്‍ ഇന്നലെ കൊവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 19 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമായ ഇവിടെ 11,871 പേര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. രോഗം ഭേദമായവരൊഴിച്ച് നിലവില്‍ 4,782 പേര്‍ മാത്രമാണ് ചികിത്സയിലുളളത്.

ലോകത്ത് രോഗികളുടെ എണ്ണത്തില്‍ ഏഴാമതുളള ഇന്ത്യയില്‍ ഇന്നലെ 200 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 7,761 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 1.98 ലക്ഷമായി, മരണം 5,608. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് ബാധിതരുളളത്. മഹാരാഷ്ട്രയില്‍ മാത്രം 70,000ത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 2,362 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. ഇതില്‍ മുംബൈയിലാണ് 40,000ത്തിലേറെ രോഗികളുളളത്. ഡല്‍ഹിയില്‍ ആകെ രോഗികളുടെ എണ്ണം 20,834 ആയി ഉയര്‍ന്നു.

covid 19 corona virus corona death
Advertisment