24 മണിക്കൂറിൽ 6,977 പേർക്ക് കൊവിഡ്, 154 മരണം; പിടിവിട്ട് ഇന്ത്യ, ലോകത്ത് രോ​ഗികളുടെ എണ്ണത്തില്‍ പത്താമത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 25, 2020

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇന്നലെ മാത്രം 6,977 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 154 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.38 ലക്ഷമായി ഉയര്‍ന്നു. ആകെ 4,021 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

രോഗമുക്തി നേടിയവരൊഴിച്ച് 77,103 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുളളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ നിലവില്‍ പത്താമതാണ്. 1.35 ലക്ഷം രോഗികളുണ്ടായിരുന്ന ഇറാനെയാണ് ഇന്ത്യ ഇന്നലെ മറികടന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുളള സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിവേ​ഗമാണ് ഇവിടെ കൊവിഡ് പടർന്ന് പിടിക്കുന്നത്. ഇന്നലെ മാത്രം 3,041 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ മ​ഹാരാഷ്ട്രയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാനുമുണ്ട്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ അശോക് ചവാന് ഇന്നലെയാണ് കൊവിഡ് പരിശോധന നടത്തിയത്. രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേ​ഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ചവാൻ. നേരത്തെ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്രയിലെ രോ​ഗികളുടെ എണ്ണം അരലക്ഷം (50,231) കടന്നു. ഇന്നലെ 58 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,635 ആയി ഉയർന്നു. മുംബൈയിലും ധാരാവിയിലുമാണ് കൊവിഡ് വ്യാപനം കൂടുതൽ​. ധാരാവിയിൽ ഞായാറാഴ്​ച 27 പേർക്കും മുംബൈയിൽ 1725 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 38 പേരാണ് മുംബൈയിൽ ഇന്നലെ മാത്രം​ മരിച്ചത്​. മുംബൈയിൽ രോഗബാധിതരുടെ എണ്ണം 30,542 ആയി ഉയരുകയും 988 പേർ മരിക്കുകയും ചെയ്​തു. തുടർച്ചയായ എട്ടാം ദിവസമാണ്​ 2000 ത്തിൽ അധികം പേർക്ക്​ മഹാരാഷ്​ട്രയിൽ കൊവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഇന്നലെ 1,196 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 14,600ആയി.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധ അതിരൂക്ഷം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണവ. ഡല്‍ഹിയിലും സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് കേസുകളിൽ 80%വും മഹാരാഷ്ട്ര, തമിഴ്നാട്, ​ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ്.

വരുന്ന രണ്ട് മാസം രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുമെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നൽകുന്ന സൂചനകൾ. സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും ജാ​ഗ്രത പാലിക്കാൻ നിർദേശവും നൽകിയിരുന്നു. ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും കൂടുതൽ രോ​ഗികൾക്കുളള കിടക്കകൾ തയ്യാറാക്കാനുമാണ് നിർദേശം.

×