Advertisment

'അറസ്റ്റിനു ശേഷം മക്കളെ ഞങ്ങൾ കണ്ടിട്ടില്ല. അവര്‍ എവിടെയാണെന്ന് പോലും അറിയില്ല'; ചെയ്യാത്ത കുറ്റത്തിന് അഞ്ചുവർഷം തടവുശിക്ഷ അനുഭവിച്ചു; ദമ്പതികൾ മടങ്ങിയെത്തിയപ്പോൾ മക്കളെ കാണാനില്ല

New Update

ആഗ്ര: ചെയ്യാത്ത തെറ്റിന്‍റെ പേരിലാണ് നരേന്ദ്ര സിംഗിനും ഭാര്യ നജ്മയ്ക്കും തടവിൽ കഴിയേണ്ടി വന്നത്. ഇവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞ് കോടതി മോചന ഉത്തരവിടുമ്പോഴേക്കും നീണ്ട അഞ്ചുവർഷങ്ങൾ പിന്നിട്ടിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ദമ്പതികളെ കാത്തിരുന്നത് മറ്റൊരു ദുഃഖമാണ്. റിലീസായെത്തിയ ദിവസം മുതൽ തന്നെ ഇവർ സ്വന്തം മക്കളെ തേടുകയാണ്. എന്നാൽ രണ്ടുപേരെയും കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

Advertisment

publive-image

മാതാപിതാക്കൾ ജയിലിലായ സമയത്ത് അന്ന് അഞ്ചുവയസുണ്ടായിരുന്ന മകനെയും മൂന്ന് വയസുകാരിയായിരുന്ന മകളെയും ഏതോ അനാഥാലയത്തിലേക്ക് അയച്ചു എന്ന വിവരം മാത്രമാണ് ഇവർക്ക് ലഭിച്ചത്. അത് എവിടെയാണെന്നോ കുട്ടികൾ ഇപ്പോൾ എങ്ങനെ കഴിയുന്നു എന്നടക്കം മറ്റൊരു വിവരവും ഇവർക്ക് ലഭിച്ചിട്ടില്ല. തകർന്നു പോയ ദമ്പതികൾ മക്കളെ കണ്ടെത്താൻ എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണ്. അനാഥരെപ്പോലെ ജീവിക്കാൻ മാത്രം ഞങ്ങളുടെ മക്കൾ എന്തു തെറ്റു ചെയ്തു എന്നാണ് നെഞ്ചു തകർന്ന് നരേന്ദ്ര സിംഗ് ചോദിക്കുന്നത്. 'കൊലപാതക കേസിൽ പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യുമ്പോൾ മകൻ അജീതും മകൾ അഞ്ജുവും വളരെ ചെറിയ കുട്ടികളായിരുന്നു' അധ്യാപകനായി ജോലി ചെയ്തിരുന്ന സിംഗ് പറയുന്നു.'അറസ്റ്റിനു ശേഷം മക്കളെ ഞങ്ങൾ കണ്ടിട്ടില്ല. അവര്‍ എവിടെയാണെന്ന് പോലും അറിയില്ല' കരഞ്ഞു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

മക്കളെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് എസ്എസ്പി ബബ്ലു കുമാറിന് കത്തു നല്‍കിയിരിക്കുകയാണ് നജ്മ. 2015ലാണ് ഒരു അഞ്ചുവയസുകാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗ്ര സ്വദേശികളായ നരേന്ദ്ര സിംഗ് (45) ഭാര്യ നജ്മ (30) എന്നിവർ അറസ്റ്റിലാകുന്നത്. അതേവർഷം തന്നെ ഇവർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേസ് മുന്നോട്ട് കൊണ്ടു പോകാൻ സാധിച്ചിരുന്നില്ല. ഒടുവിൽ അഞ്ചുവർഷങ്ങൾക്കിപ്പുറമാണ് ഇവരുടെ നിരപരാധിത്വം പുറത്തുവരുന്നത്.

കേസിൽ ദമ്പതികളെ മോചിപ്പിച്ച അഡീഷണല്‍ സെഷൻസ് കോടതി പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. 'കുറ്റവാളികൾ സ്വതന്ത്ര്യരായി നടക്കുമ്പോൾ നിരപരാധികൾക്ക് അഞ്ചുവര്‍ഷം ജയിലിൽ കഴിയേണ്ടി വന്നത് തീർത്തും ദൗർഭാഗ്യകരമാണ്' എന്നായിരുന്നു കോടതി അറിയിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച കോടതി, കേസ് വീണ്ടും അന്വേഷിച്ച് യഥാർത്ഥ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നും ഉത്തരവിട്ടു.

viral news jail
Advertisment