അഡ്വ. ആളൂരിന് കോടതിയുടെ വിമര്‍ശനം; താക്കീത്

author-image
Charlie
New Update

publive-image

Advertisment

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മൂന്ന് പ്രതികളെയും 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ട് ആണ് പ്രതികളെ ഈ മാസം 24 വരെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്‌ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു.

കൊല്ലപ്പെട്ട സ്ത്രീകളെ കൊണ്ടുപോയത് എറണാകുളത്ത് നിന്നായതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റാരെയെങ്കിലും കെണിയില്‍ പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോസ്ലിയുടെയും പത്മത്തിന്റെയും ആഭരണങ്ങളും പ്രതികള്‍ പണയപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഇവ കണ്ടെടുക്കുന്നതിനുളള നടപടികളും പൊലീസ് സ്വീകരിക്കും.

ഡിസിപിയുടെ അനുഭവ സമ്പത്താണ് കേസില്‍ വഴിത്തിരിവായതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ചകിലവും നേരത്തെ പറഞ്ഞിരുന്നു. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, എസ്‌ഐ മിഥുന്‍, എസ്‌ഐ അനില്‍, എസ് ഐ ആനന്ദ്, എഎസ്‌ഐ സനീഷ്. സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍ കുമാര്‍, സിപിഒമാരായ സുമേഷ്, രതീഷ്, രാഗേഷ്, ദിലീപ്, ഷൗലിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവരെ കമ്മീഷണര്‍ അഭിനന്ദിച്ചു. എസ് ഐമാരായ അയിന്‍ ബാബു, ജോസി എഎ, സിഐ സനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, അജിലേഷ്, അനീഷ്, രാഹുല്‍, വീനിത്, എന്നിവരും അന്വേഷണത്തിന് സഹായിച്ചതായി കമ്മീഷണര്‍ പറഞ്ഞു.

Advertisment