ആശുപത്രിയില്‍ രക്തം ദാനം നല്‍കാന്‍ എത്തിയപ്പോഴുള്ള പരിചയം പ്രണയമായി ; ഓടുന്ന കാറില്‍ സുഹൃത്തിനൊപ്പം ബലാത്സംഗം ചെയ്തു ; തൃശൂരില്‍ യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

 തൃശൂര്‍ :  പ്രണയം നടിച്ച് യുവതിയെ കൊണ്ടുപോയി കാറില്‍ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവ്. തളിക്കുളം തമ്പാന്‍ കടവില്‍  തൈവളപ്പില്‍ ബിനേഷ്, സുഹൃത്ത് വാടാനപ്പള്ളി ഫറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അനുദര്‍ശ് എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക ആശ്വാസധനമായി യുവതിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

2011 ജൂലൈ 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായിരുന്ന യുവതിയെ രക്തം ദാനം ചെയ്യാന്‍ വന്നപ്പോഴാണ് ഒന്നാം പ്രതി ബിനേഷ് പരിചയപ്പെടുന്നത്. ഇയാള്‍ ഫോണിലൂടെ ബന്ധം തുടരുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

പിന്നീട് ഒരു ദിവസം അനുദര്‍ശ് ഓടിച്ച കാറില്‍ യുവതിയുമായി പോയ ബിനേഷ് ആര്യംപാടത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. അതിനുശേഷം യുവതിയെ കാറില്‍ അവരുടെ വീടിനടുത്ത് കൊണ്ടുവിടാനും അനുദര്‍ശിനോട് നിര്‍ദേശിച്ച് ബിനേഷ് സ്ഥലംവിട്ടു.

യുവതിയെയും കൊണ്ട് പോയ അനുദര്‍ശ്, ഫോണ്‍ ചെയ്ത് സുഹൃത്തായ മറ്റൊരാളോട് വരാന്‍ പറയുകയും, തുടര്‍ന്ന് അയാള്‍ കാര്‍ ഓടിക്കുകയും ചെയ്തു. ഇതിനിടെ പിന്‍സീറ്റിലേക്ക് മാറിയ അനുദര്‍ശ് യുവതിയെ ബലാല്‍സംഗത്തിനിരയാക്കി. അവശയായ യുവതി വീട്ടില്‍പോകാതെ ആളൊഴിഞ്ഞ സ്ഥലത്ത് കഴിച്ചുകൂട്ടി.

യുവതിയുടെ മൊബൈലിലെ സിം പ്രതികള്‍ എടുത്തുമാറ്റിയിരുന്നു. യുവതിയെ പിറ്റേന്ന് പുലര്‍ച്ചെ പ്രതികള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടു. തുടര്‍ന്ന് യുവതി വാടാനപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബലാല്‍സംഗത്തെത്തുടര്‍ന്ന് യുവതിക്ക് പരിക്കേറ്റതായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറും മൊഴി നല്‍കിയിരുന്നു.

×