Advertisment

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹർജികൾ തള്ളി കോടതി

New Update

publive-image

Advertisment

കൊച്ചി: തിരുവനന്തപുരം പാറശാല ഷാരോൺ വധക്കേസിൽ പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളി. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹർജിയാണ് സിംഗിൾ ബെഞ്ച് തള്ളിയത്. കേസിലെ രണ്ടും മൂന്നും പ്രതികളായ സിന്ധു,നിർമ്മല കുമാരൻ നായർ എന്നിവരാണ് ഹെെക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കേസിന്റെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി.

ഷാരോണിന്റെ കൊലയിൽ ഇരുവർക്കും പങ്കില്ലെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം ചുമത്തിയതെന്നുമായിരുന്നു പ്രതികളുടെ വാദം. ഷാരോണുമായുളള മകളുടെ പ്രണയബന്ധത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഇരുവരുടെയും ഹർജിയിൽ പറയുന്നു. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർ‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയിൽ ആരോപിച്ചു. വിഷകുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. ജയിലിൽ തുടരുന്നത് ആരോ​ഗ്യ സ്ഥിതി വഷളാക്കുമെന്നും ഇരുവരും പറഞ്ഞു.

നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഇവരുടെ ജാമ്യ ഹർജി തളളിയിരുന്നു. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു. തെളിവുകൾ നശിപ്പിച്ചതിനാണ് സിന്ധുവിനേയും, നിർമ്മല കുമാരനേയും പൊലീസ് പ്രതി ചേർത്തത്.

Advertisment