കോവിഡ് ബാധിതരായ അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ കണ്ടെത്തി; അമ്മയിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് വൈറസ് വ്യാപിച്ചതിന് തെളിവില്ല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, December 24, 2020

കോവിഡ് ബാധിതരായ അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ കാണപ്പെട്ടതായി പഠനം. അതേസമയം അമ്മയിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് വൈറസ് വ്യാപിച്ചതായി തെളിവൊന്നും ലഭിച്ചിട്ടില്ലായെന്ന് സിംഗപ്പൂരിൽ നടത്തിയ പഠനം പറയുന്നു.

വൈറസ് ബാധിതരായ ഗർഭിണികൾക്ക് മറ്റ് ആളുകളെ അപേക്ഷിച്ച് പ്രത്യേകമായ രോഗ സങ്കീർണ്ണതകളൊന്നും കൂടുതൽ ഉണ്ടാകില്ലെന്നും 16 ഗർഭിണികളിൽ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. പ്രസവത്തോട് അടുപ്പിച്ച സമയത്ത് കോവിഡ് ബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങളിൽ ആന്റിബോഡി തോത് അൽപം ഉയർന്നിരുന്നതായും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

പഠനത്തിൽ പങ്കെടുത്ത ഗർഭിണികളിൽ പലർക്കും തീവ്രമല്ലാത്ത കോവിഡ് ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പ്രായക്കൂടുതൽ ഉള്ളവർക്കും അമിതഭാരമുള്ളവരിലുമാണ് അൽപമെങ്കിലും സങ്കീർണതകൾ കാണപ്പെട്ടത്. ഇവരെല്ലാം പൂർണമായും രോഗമുക്തി നേടിയെന്ന് പഠനത്തിൽ പറയുന്നു. പക്ഷെ രണ്ട് പേർക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഇതിൽ ഒരാൾക്ക് വൈറസ് ഉണ്ടാക്കിയ സങ്കീർണത മൂലമാകാം കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ഗർഭകാലത്തോ പ്രസവ ശേഷമോ അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് കോവിഡ് പകരുമോ എന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയും കൃത്യമായ വിവരങ്ങൾ നൽകുന്നില്ല. സിംഗപ്പൂരിൽ നടത്തിയ പഠനത്തിന്റെ ഫലം പ്രസിദ്ധീകരിക്കുന്ന സമയമായപ്പോൾ പ്രസവിച്ച അഞ്ച് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെ ശരീരത്തിൽ ആന്റിബോഡികൾ കാണപ്പെട്ടു.

കുട്ടികൾ കോവിഡ് ബാധിതരായിരുന്നില്ല. അതേസമയം അമ്മയിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് കൈമാറപ്പെടുന്ന ആന്റിബോഡികൾ എത്രമാത്രം സംരക്ഷണം നൽകുമെന്ന് കണ്ടെത്തിയിട്ടില്ല. ഇവ എത്ര കാലം നീണ്ടുനിൽക്കുമെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

×