കായംകുളത്ത് കടുത്ത ആശങ്ക; അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Saturday, July 4, 2020

ആലപ്പുഴ: ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് കടുത്ത ആശങ്കയാണ് തുടരുന്നത്. ഒരു കുടുംബത്തിലെ 16 പേര്‍ക്ക് അഞ്ചു ദിവസത്തിനുള്ളിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ 68 കാരന്‍, അദ്ദേഹത്തിന്റെ മകള്‍ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പച്ചക്കറി വ്യാപാരിക്കും 46 കാരിയായ മകള്‍ക്കും ജൂണ്‍ 29, 30 തീയതികളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അടുത്ത മൂന്നുദിവസങ്ങള്‍ക്കിടെയാണ് കുടുംബത്തിലെ മറ്റ് 14 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ വ്യാപാരിയുടെ ബന്ധുവായ എട്ടു വയസ്സും ഒന്നര വയസ്സുമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

കായംകുളം മാര്‍ക്കറ്റില്‍ നിന്നും മല്‍സ്യം വാങ്ങിയ കുറത്തിക്കാട് സ്വദേശിയായ 52 കാരനായ മീന്‍ കച്ചവടക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 30 നാണ് ഇയാള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇയാളുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇതിനു പിന്നാലെ ഇയാളുടെ ഭാര്യയ്ക്കും മരുമകനും കഴിഞ്ഞ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാര്‍ക്കറ്റില്‍ നിന്നും രോഗം പകര്‍ന്നത് ആപത്കരമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

×