കൊവിഡിന്റെ രണ്ടാം തരംഗം ജുഡീഷ്യറിയേയും ഗുരുതരമായി ബാധിച്ചു; രോഗ ബാധയെ തുടര്‍ന്ന് ഇതുവരെ 37 ജഡ്ജിമാര്‍ മരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

ഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം ജുഡീഷ്യറിയേയും ഗുരുതരമായി ബാധിച്ചുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍ വി രമണ. രോഗ ബാധയെ തുടര്‍ന്ന് ഇതുവരെ 37 ജഡ്ജിമാര്‍ മരിച്ചു, ഇതില്‍ 34 പേര്‍ വിചാരണ കോടതി ജഡ്ജിമാരും മൂന്ന് പേര്‍ ഹൈക്കോടതി ജഡ്ജിമാരുമാണെന്നും ജസ്റ്റിസ് രമണ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിചാരണക്കോടതിയിലെ 2768 ജഡ്ജിമാര്‍ക്കും ഹൈക്കോടതിയിലെ 106, സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്കുമാണ് ഇതുവരെ രോഗബാധ സ്ഥിരികരിച്ചത്. ഇവര്‍ ചികിത്സയില്‍ കഴിയുകയാണെന്നും അദ്ദേഹം ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇതിനിടെ സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത് പരിഗണനയിലുണ്ടെന്നും ഇതിന് സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും തീരുമാനമുണ്ടാവുകയെന്നും എന്‍ വി രമണ പറഞ്ഞു.

താന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കോടതിയിലെ ഓണ്‍ലൈന്‍ നടപടികള്‍ നിരീക്ഷിക്കുന്നതിനായുള്ള ആപ്പ് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

×