നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നു ; കൊവിഡില്‍ കേരളത്തിന് ആശ്വാസം !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, April 9, 2020

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാത്തതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നതും കേരളത്തിന് ആശ്വാസമാകുന്നു. വിദേശത്തു നിന്നെത്തിയ 254 പേർക്ക് രോഗം ബാധിച്ചപ്പോൾ സമ്പർക്കത്തിലൂടെ 91 പേർക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കൊവിഡിന്‍റെ രണ്ടാം വരവും നിയന്ത്രണത്തിലാകുന്നുവെന്ന പ്രതീക്ഷ നൽകുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകൾ.

സമ്പർക്കത്തിലൂടെ രോഗം വന്നവരിൽ നിന്ന് പിന്നീട് മറ്റുള്ളവരിലേക്ക് രോഗം പകർന്നിട്ടില്ലെന്നതാണ് കേരളത്തിന് നേട്ടമായത്. സമൂഹവ്യാപനം ഇല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

സംസ്ഥാനത്താകെ രോഗം ബാധിച്ചത് 345 പേര്‍ക്കാണ്. ഇതിൽ 84 പേർക്ക് അസുഖം ഭേദമായി. 259 പേ‍ർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ രോഗം ബാധിച്ചവരിൽ 254 പേർ കൊവിഡ് ബാധിത മേഖലയിൽനിന്നെത്തിയവരാണ്. ലോകാരോഗ്യ സംഘടനയുടെ ആർ നോട്ട് എന്ന വൈറസ് വ്യാപന തോത് അനുസരിച്ചാണെങ്കിൽ ഒരു രോഗിയിൽ നിന്നും രണ്ട് മുതൽ മൂന്ന് വരെ പേർക്ക് രോഗം പകരാം.

അവരിൽ നിന്ന് അടുത്ത 2 മുതൽ 3വരെ പേരിലേക്ക്. ഇങ്ങനെ ആണെങ്കിൽ സംസ്ഥാനത്ത് ഇതിനകം സമ്പർക്കത്തിലൂടെ അയ്യായിരത്തോളം കേസുകളുണ്ടാകണമെന്നാണ് ആരോഗ്യവകുപ്പ് കണക്ക് കൂട്ടിയിരുന്നത്. പക്ഷെ നിലവിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 91 മാത്രമാണെന്നിടത്താണ് വലിയ ആശ്വാസം.

പൊതുസ്ഥലങ്ങളിൽ നിന്ന് രോഗം പകർന്നതായും തെളിവില്ല. മരണനിരക്കാകട്ടെ ഒരു ശതമാനത്തിൽ താഴെയാണ്. ലോകത്ത് ഇത് 5.75 ശതമാനവും രാജ്യത്തെ തോത് 2.83 ശതമാനവുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതൽ. കഴിഞ്ഞ 6 ദിവസങ്ങളിലായി പുതിയ രോഗികളുടെ എണ്ണമാകട്ടെ 11ന് താഴെയാക്കി നിര്‍ത്താനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

 

×