ഗോവയില്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍; കിടക്കള്‍ ഇല്ലാത്തതിനാല്‍ രോഗികളെ കിടത്തുന്നത് നിലത്തും സ്റ്റോറൂമിലും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

പനാജി: ഗോവയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നതിനിടെ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ് സംസ്ഥാനത്തെ ആശുപത്രികള്‍. കിടക്കകള്‍ ഇല്ലാത്തതിനാല്‍ നിലത്തും സ്റ്റോറൂമിലുമെല്ലാമാണ് രോഗികളെ കിടത്തുന്നത്. സഹായത്തിനായി അലമുറയിട്ട് കരയുന്ന രോഗികളുടെ നിരവധി ചിത്രങ്ങളാണ് പുറത്തുവരുന്നത്.

ഗോവ മെഡിക്കല്‍ കോളജില്‍ 19 കോവിഡ് രോഗികളാണ് വ്യാഴാഴ്ച മരിച്ചത്. ചൊവ്വാഴ്ച ഇതേ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു.

സംസ്ഥാനത്തെ മികച്ച ആശുപത്രികളില്‍ പോലും രോഗികളുടെ ബാഹുല്യംകൊണ്ട് പലരും തറയിലാണ് കിടക്കുന്നത്. രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. ആശുപത്രിയില്‍ രോഗികളെ സഹായിക്കാന്‍ ജീവനക്കാരില്ലാത്ത സാഹചര്യത്തില്‍ ബന്ധുക്കളാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്.

കിടക്കയും കട്ടിലുമില്ലാത്തതിനാല്‍ പലരും സ്വന്തം വീട്ടില്‍ നിന്ന് തന്നെ കിടക്കയും കട്ടിലും കൊണ്ടുവരുന്നത്. ദയവായി ഗോവയെ സഹായിക്കു, ഗോവയിലെ ജനങ്ങളെ സഹായിക്കൂ, തങ്ങളുടെ അവസ്ഥ വളരെ മോശമാണ്. വാര്‍ഡിനുള്ളില്‍ സഹോദരനെ നഷ്ടമായ ഹേമന്ത്് കാംബ്ലി പറയുന്നു.

ഓക്‌സിജന്‍ കിട്ടുന്നില്ല, ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാനായി വന്‍ തുകയാണ് ചെലവിട്ടത്. ആശുപത്രിയില്‍ മരുന്നില്ല. ജീവനക്കാരുമില്ല. വല്ലാത്ത ഒരവസ്ഥയാണ്. ആദ്യതരംഗത്തില്‍ നിന്ന് അധികൃതര്‍ ഒന്നും പഠിച്ചില്ല. കണ്‍മുന്നില്‍ വച്ചാണ് തനിക്ക് സഹോദരനെ നഷ്ടമായതെന്ന് ഹേമന്ത്് കാംബ്ലി പറയുന്നു.

താനും കുടുംബവും ജീവന്‍ പണയംവച്ചാണ് കോവിഡ് വാര്‍ഡില്‍ താമസിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ക്കും കോവിഡ് പോസിറ്റീവാണോ എന്നറിയില്ല. ഇവിടെ സ്‌റ്റോറൂമിനുള്ളില്‍ പോലും രോഗികളാണ്. വേഗത്തില്‍ എന്തെങ്കിലും നടപടികള്‍ ഉണ്ടായാലെ രക്ഷയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 51 ശതമാനമാണ്. സംസ്ഥാനത്ത സ്ഥിതി വളരെ ദയനീയമാണ്. സര്‍ക്കാരോ നേതാക്കളോ ഉദ്യഗസ്ഥരോ തമ്മില്‍ യാതൊരു ഏകോപനവുമില്ല. ജനങ്ങള്‍ മരിച്ചുവീഴുകയാണ്. സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുമ്പോള്‍ തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുകയാണ് ചെയ്യുന്നതെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി വൈസ് പ്രസിഡന്റ് ദുര്‍ഗദാസ് കാമത്ത് പറഞ്ഞു,

×