നിങ്ങള്‍ ആളുകള്‍ക്ക് ആവശ്യത്തിന് വാക്‌സിന്‍ നല്‍കുന്നില്ല, എന്നിട്ട് പറയുന്നു വാക്‌സിന്‍ എടുക്കണമെന്ന്; വാക്‌സിന്‍ ഇല്ലെങ്കില്‍ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക? അപ്പോള്‍ എന്ത് ഉദേശിച്ചാണ് ഇത്തരമൊരു സന്ദേശം? ഇത് എത്രകാലം ഇങ്ങനെ തുടരും?’; കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് ഡയലര്‍ ട്യൂണില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹെക്കോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് നിര്‍ദ്ദേശം നല്‍കുന്ന ഡയലര്‍ ട്യൂണില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹെക്കോടതി. സന്ദേശം അരോചകമാണെന്നും ജനങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് വാക്‌സിനില്ലാത്തപ്പോള്‍ വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതുകൊണ്ട് എന്താണ് ഉദേശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

‘നിങ്ങള്‍ ആളുകള്‍ക്ക് ആവശ്യത്തിന് വാക്‌സിന്‍ നല്‍കുന്നില്ല, എന്നിട്ട് പറയുന്നു വാക്‌സിന്‍ എടുക്കണമെന്ന്. വാക്‌സിന്‍ ഇല്ലെങ്കില്‍ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. അപ്പോള്‍ എന്ത് ഉദേശിച്ചാണ് ഇത്തരമൊരു സന്ദേശം. ഇത് എത്രകാലം ഇങ്ങനെ തുടരും?’, കോടതി ചോദിച്ചു.

ഓരേ സന്ദേശം തുടരെ കേള്‍പ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ കൂടുതല്‍ സന്ദേശങ്ങള്‍ തയ്യാറാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൈകഴുകാനും മാസ്‌ക് ധരിക്കാനും നിര്‍ദേശിക്കുന്നതുപോല ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ഉപയോഗമടക്കമുള്ള കാര്യങ്ങളെക്കുറിച്ചും വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതി പറഞ്ഞു.

ഡയലര്‍ ട്യൂണ്‍ സന്ദേശങ്ങള്‍ക്കുപകരം വാക്സിനേഷന്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുന്ന പരിപാടികള്‍ ടെലിവിഷന്‍ അവതാരകരെ ഉപയോഗിച്ച് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ചും കോടതി നിര്‍ദേശം മുന്നോട്ടുവെച്ചു.

ജസ്റ്റിസ് വിപിന്‍ സാംഗി, ജസ്റ്റിസ് രേഖ പള്ളി എന്നിവരടങ്ങുന്ന ബെഞ്ചിന്റെയായിരുന്നു വിമര്‍ശനം.

×