ദക്ഷിണാഫ്രിക്കയില്‍ എച്ച്‌ഐവി ബാധിതയായ 36കാരിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം; രോഗബാധയുടെ അഡ്വാന്‍സ് സ്‌റ്റേജില്‍ കഴിയുന്ന 36കാരിയുടെ ശരീരത്തില്‍ കോവിഡ് വൈറസ് ഉണ്ടായത് 216 ദിവസം, ജനിതക വ്യതിയാനം 30 തവണയിലേറെ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, June 6, 2021

ജൊഹന്നാസ്ബര്‍ഗ്: കൊവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരത്തില്‍ അമ്പരപ്പിക്കുന്ന വിവരമാണ് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ എച്ച്‌ഐവി ബാധിതയായ 36കാരിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായി കണ്ടെത്തി. എച്ച്‌ഐവി രോഗബാധയുടെ അഡ്വാന്‍സ് സ്‌റ്റേജില്‍ കഴിയുന്ന 36കാരിയുടെ ശരീരത്തില്‍ 216 ദിവസമാണ് കോവിഡ് വൈറസ് ഉണ്ടായത്. അതിനിടെ 30 തവണയിലേറെ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് നടത്തിയത്.

മെഡിക്കല്‍ ജേണലായ മെഡ്ആര്‍എക്‌സ്‌ഐവിയിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2006ലാണ് യുവതിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്രമേണ രോഗപ്രതിരോധശേഷി കുറയാന്‍ തുടങ്ങി.

2020 സെപ്റ്റംബറിലാണ് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ശരീരത്തില്‍ 216 ദിവസമാണ് കോവിഡ് വൈറസ് കഴിഞ്ഞത്. അതിനിടെ 30ലേറെ തവണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ജനിതമാറ്റം ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ ബി.1.351ന്റെ ഭാഗമായ എന്‍ 510വൈയും ബ്രിട്ടനില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തിന്റെ ഭാഗമായ ഇ484കെയും ഇവരുടെ ശരീരത്തില്‍ കണ്ടെത്തി.

എന്നാല്‍ ഈ ജനിതമാറ്റം മറ്റുള്ളവരിലേക്ക് പകര്‍ന്നുവോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

×