ഗുജറാത്തില്‍ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം; ബിജെപി നേതാവിന്റെ കൊച്ചു മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, December 3, 2020

സൂറത്ത്: ഗുജറാത്തില്‍ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചിരിക്കെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കാന്തി ഗാമിതിന്റെ കൊച്ചുമകളുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. താപി ജില്ലയിലെ സോന്‍ഗഢിലാണ് വിവാഹനിശ്ചയം നടന്നത്.

രണ്ടാം ഘട്ട കോവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് ഗുജറാത്തില്‍ നഗരങ്ങളിലടക്കം നൈറ്റ് കര്‍ഫ്യൂവും മറ്റു കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം.

മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചായിരുന്നു ബിജെപി നേതാവിന്റെ കൊച്ചുമകളുടെ വിവാഹനിശ്ചയം. ചടങ്ങിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നൂറുകണക്കിന് പേര്‍ ഒരുമിച്ച് നിന്ന് നൃത്തമാടുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

അയ്യായിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവം വിവാദമായതോടെ ബിജെപി നേതാവ് ക്ഷമ ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

×