ഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗബാധ സമൂഹവ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ സൂചന. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളിൽ 40 ശതമാനം പേർക്കും എവിടെ നിന്ന് രോഗം ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല.
/sathyam/media/post_attachments/vsb79uuBsYMm1KNN77Cd.jpg)
ഒപ്പം ന്യൂമോണിയ പോലെയുള്ള കടുത്ത ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു എന്നതും മറ്റൊരു വസ്തുതയാണ്. ഇതെല്ലാം ചേർത്തുവായിച്ചാൽ രാജ്യം സാമൂഹികവ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് (IJMR) എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. കടുത്ത ശ്വാസകോശരോഗങ്ങളുള്ള രോഗികളിൽ (Severe Acute Respiratory Infections) 5911 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1.8% രോഗികൾക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഫെബ്രുവരി 15 മുതൽ ഏപ്രിൽ 2 വരെ പരിശോധിച്ച സാമ്പിളുകളുടെ കണക്കാണ്.
ഫെബ്രുവരി 15-ന് മുമ്പ് ഇത്തരം രോഗികളിൽ നടത്തിയ പരിശോധനകളിൽ ആകെ .2% പേർക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
കൊവിഡ് പോസിറ്റീവായ, ഗുരുതരമായ ശ്വാസകോശരോഗങ്ങളുള്ള 102 രോഗികളിൽ ഒരാൾക്ക് മാത്രമാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവ് കേസുമായി സമ്പർക്കമുണ്ടായിരുന്നു. മറ്റുള്ളവരുടെ രോഗ ഉറവിടവും കണ്ടെത്താനായി. എന്നാൽ 40 ശതമാനത്തോളം (39.2%) പേർക്ക് എവിടെ നിന്ന് രോഗം വന്നു എന്നതിനെക്കുറിച്ച് അതാത് സംസ്ഥാനസർക്കാരുകൾക്ക് അടക്കം ഒരു പിടിയുമില്ല. അവർക്ക് വിദേശയാത്രാ പശ്ചാത്തലമോ, കൊവിഡ് പോസിറ്റീവ് കേസുകളുമായി സമ്പർക്കമോ ഉണ്ടായിട്ടില്ല. 59 കേസുകളുടെ വിവരങ്ങളൊന്നും ലഭ്യമല്ല.
''ഇത്തരം ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത് സാമൂഹികവ്യാപനത്തിലേക്ക് രാജ്യം കടന്നു എന്ന് തന്നെയാണ്'', എന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മുൻ വൈറോളജി ഹെഡ് ഡോ. ടി ജേക്കബ് ജോൺ നിരീക്ഷിക്കുന്നു.
രോഗവ്യാപനത്തിന്‍റെ മൂന്നാംഘട്ടമാണ് സാമൂഹികവ്യാപനം. ഈ ഘട്ടത്തിലേക്ക് കടന്നാൽ പിന്നീട് ഇന്ത്യയെപ്പോലൊരു രാജ്യത്ത് കൊവിഡിനെ പിടിച്ച് കെട്ടുന്നത് ബുദ്ധിമുട്ടാകും. നാലാം ഘട്ടം രോഗം പകർച്ചവ്യാധിയായി പടർന്നു പിടിക്കുന്നതാണ്. അഞ്ചാംഘട്ടം ഇതൊരു മഹാമാരിയായി മാറുക എന്നതാകും.