ഭൂട്ടാന്‍ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ , നേപ്പാള്‍ , മ്യാന്‍മാര്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ 'മരുന്ന് സമ്മാനം' ; ഹൈഡ്രോക്‌സിക്ലോറോക്വിനും മറ്റ് മരുന്നുകളും കയറ്റിയയ്ക്കുന്നത് 28 രാജ്യങ്ങളിലേക്ക് ; അയല്‍രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കുന്നത് സൗജന്യമായി ; അമേരിക്കയുള്‍പ്പെടെയുള്ളവര്‍ക്ക് മരുന്ന് നല്‍കുന്നത് പണം വാങ്ങിയും

New Update

ഡല്‍ഹി : മലേറിയ പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ അയച്ച് തന്നതിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി സന്ദേശമയച്ചിരുന്നു. പ്രതിസന്ധിഘട്ടങ്ങൾ സുഹൃത്തുക്കളെ ഒരുമിപ്പിക്കും എന്നായിരുന്നു മോദിയുടെ മറുപടി.

Advertisment

ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കും മരുന്നുകളുടെ ലഭ്യത ആവശ്യമെങ്കിൽ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. അയൽരാജ്യങ്ങൾക്ക് സൗജന്യമായും അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പണം വാങ്ങിയും ഇന്ത്യ മരുന്നുകൾ കയറ്റിയയച്ച് തുടങ്ങി.

ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മ്യാൻമർ, സീഷെൽസ്, മൗറീഷ്യസ്, ശ്രീലങ്ക, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഹൈഡ്രോക്സിക്ലോറോക്വിനും മറ്റ് മരുന്നുകളും കയറ്റിയയക്കുന്നത്. ആകെ 28 രാജ്യങ്ങൾക്കാണ് ഇന്ത്യ നിലവിൽ മരുന്നുകൾ അയക്കുന്നതെന്നും പത്ത് രാജ്യങ്ങൾ കൂടി മരുന്നിന് ഇന്ത്യയെ സമീപിച്ചെന്നുമാണ് റിപ്പോ‍ർട്ടുകൾ.

publive-image

ഏറ്റവുമാദ്യം മരുന്ന് കയറ്റി അയച്ചത് ശ്രീലങ്കയിലേക്കാണ്. അവിടേക്ക് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ 10 ടൺ മരുന്നുകളാണ് കയറ്റി അയച്ചത്. പ്രധാനമായും പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും തന്നെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്.

ഇതോടൊപ്പം, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി കരാർ ഒപ്പുവച്ച എല്ലാ യൂറോപ്യൻ, മിഡിൽ- ഈസ്റ്റ് രാജ്യങ്ങൾക്കും മരുന്ന് കയറ്റുമതി നടത്താൻ വാണിജ്യമന്ത്രാലയം അനുമതിയും നൽകി. ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങളായ അമേരിക്കയും സ്പെയിനുമാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ ബ്രസീൽ, ബഹ്റൈൻ, ജർമനി, യുകെ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉത്പാദിപ്പിക്കുന്ന മരുന്നുകളെത്തും.

ഇതോടൊപ്പം ഇന്ത്യയിൽത്തന്നെ ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാനും കമ്പനികൾക്ക് സർക്കാർ ക‌ർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി സ്പെഷ്യൽ ഇക്കണോമിക് സോണുകളിൽ നിന്നുള്ള കയറ്റുമതി കൂടി അനുവദിക്കും. ഒരു കണ്ടീഷൻ മാത്രം, ഇന്ത്യയിൽ സ്ഥിതി ഗുരുതരമായാൽ വിതരണം ചെയ്യേണ്ട മരുന്നുകളുണ്ടാകണം.

 

covid 19 corona virus corona world corona drugs
Advertisment