വുഹാനില്‍ ഉള്ളവരും മനുഷ്യരാണ്..അവരുടെ ജീവനും വിലയുണ്ട് ; കോവിഡ് 19 ഒരു ജൈവായുധമായിരുന്നോ? ശാസ്ത്രീയ തെളിവുകൾ സത്യം വെളിപ്പെടുത്തുന്നു !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, April 9, 2020

കൊവിഡ് 19 എന്ന രോഗത്തിന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസ് ഒരു ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്നും അത് ചൈനയുടെ ജൈവ ആയുധമാണെന്നുമുള്ള കിംവദന്തികൾ കുറച്ചു നാളായി പ്രചരിച്ച് വരികയാണ്. പലരും പറയുന്നത് ചൈനയിലെ വുഹാനിലെ ഒരു ഉയർന്ന ഗവേഷണ ലാബിൽ നിന്നാണ് വൈറസ് ആകസ്മികമായി പുറത്തുവന്നതെന്നാണ്. എന്നാൽ, അത് വെറും അഭ്യൂഹം മാത്രമാണെന്നും അത്തരം അവകാശവാദങ്ങളിൽ ഒരു കഴമ്പുമില്ലെന്നുമാണ് ശാസ്ത്രീയ യാഥാർത്ഥ്യങ്ങൾ തെളിയിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഒപ്പിട്ട ബഹുരാഷ്ട്ര ചട്ടക്കൂട് പ്രകാരം ജൈവായുധ നിർമ്മാണം ലോകമെമ്പാടും നിരോധിച്ചിരിക്കുകയാണ്. ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളെ ഉപയോഗിച്ച് എതിരാളികളെ അപായപ്പെടുത്തുന്നതിനെയാണ് ജൈവ ആയുധങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

വുഹാനിലെ മാർക്കറ്റിൽ നിന്നാണ് ഈ വൈറസ് ആദ്യമായി മനുഷ്യരിലേക്ക് പകർന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ കിംവദന്തികളുടെയും കേന്ദ്രബിന്ദുവായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യുഐവി) സ്ഥിതിചെയ്യുന്നതും ഇതേ നഗരത്തിലാണ്. ലോകത്തിലെ ഏറ്റവും മാരകമായ രോഗകാരികളായ വൈറസുകളെ കൈകാര്യം ചെയ്യുന്ന ഒരു ബയോ സേഫ്റ്റി ലെവൽ 4 (ബി‌എസ്‌എൽ -4) ലബോറട്ടറിയാണ് ഇത്.

വുഹാൻ മാർക്കറ്റിൽ നിന്ന് ഏഴ് മൈൽ അകലെയാണ് ഈ ഉയർന്ന സുരക്ഷാ ലാബ് സ്ഥിതിചെയ്യുന്നത്. കിംവദന്തികൾ ഉത്ഭവിക്കാനുള്ള കാരണവും ഇതാണ്. എന്നാൽ, ചൈന മാത്രമല്ല ഈ പഴി കേൾക്കുന്നത്. COVID-19 എന്നത് അമേരിക്കയുടെ ജൈവ ആയുധമാണെന്നുള്ള അഭ്യൂഹങ്ങൾ ചൈനയും ഉന്നയിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം ആരോപണങ്ങൾ അഴിച്ചുവിട്ടിട്ടുമുണ്ട്.

പല വസ്തുതകളും ചൂണ്ടിക്കാണിക്കുന്നത് ഇത് വെറും കുപ്രചാരണമാണ് എന്നതാണ്. ഒന്ന്, ഇത് ആളുകളെ കൊല്ലാൻ മാത്രം മാരകമായ ഒരു രോഗമല്ല. 50 വയസ്സിന് താഴെയുള്ള ആളുകൾ ഉയർന്ന പനി, ചുമ, ജലദോഷം, ചിലപ്പോൾ ഓക്കാനം അല്ലെങ്കിൽ വയറിളക്കം തുടങ്ങിയ നേരിയ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. ഏപ്രിൽ അഞ്ച് വരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള 223,000 ആളുകൾ കൊവിഡ് -19 -ൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്.

കൊറോണ വൈറസിനെക്കാളും മാരകമായ മറ്റ് പല വൈറസുകളും നിലവിലിരിക്കെ, ഇത് വളരെ കാര്യക്ഷമമായ ഒരു ജൈവായുധമാണ് എന്ന് പറയാൻ സാധിക്കില്ല. അതുകൂടാതെ 1960 -കളിൽ ചൈന ആണവ പദ്ധതിയിൽ പ്രവേശിച്ചതുമുതൽ രോഗകാരികളായ വൈറസുകളെ കുറിച്ച് ഗവേഷണം നടത്താനുള്ള ധനസഹായം കുറഞ്ഞുവെന്ന് ജിയോപൊളിറ്റിക്കൽ അനലിസ്റ്റുകൾ പറഞ്ഞു.

അതുപോലെ തന്നെ ഈ വൈറസിന്റെ ജനിതക ഘടന വിശകലനം ചെയ്‌താൽ അത് സ്വാഭാവികമാണ് എന്ന് മനസിലാക്കാൻ പറ്റും. സ്‌ക്രിപ്സ് റിസർച്ചിലെ ഗവേഷകനായ ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ വൈറസിന്റെ ആർ‌എൻ‌എ പരിശോധിച്ച് നിരവധി കാര്യങ്ങൾ കണ്ടെത്തുകയുണ്ടായി. “ആദ്യമായി, കൊറോണ വൈറസുകൾ നിർമ്മിക്കുന്നതിനായി ഏതെങ്കിലും ജനിതക എഞ്ചിനീയറിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചതായി ജനിതക തെളിവുകളൊന്നുമില്ല.

അറിയപ്പെടുന്ന കൊറോണ വൈറസ് വകഭേദങ്ങളുടെ ലഭ്യമായ ഘടന വിവരങ്ങൾ താരതമ്യം ചെയ്യുന്നതിലൂടെ, ഞങ്ങൾക്ക് SARS-CoV-2 ഉത്ഭവിച്ചത് സ്വാഭാവിക പ്രക്രിയകളിലൂടെയാണെന്ന് നിസ്സംശയം തെളിയിക്കാൻ കഴിയും” ആൻഡേഴ്സൺ പറഞ്ഞു. അതുപോലെ തന്നെ യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ഗവേഷകർ നടത്തിയ സമഗ്രമായ അവലോകനത്തിലും SARS-CoV-2 ഒരു പുതിയ വൈറസാണെന്നും ഇത് ഒരുതരത്തിലും മനുഷ്യന് ഉണ്ടാക്കി എടുക്കാൻ സാധിക്കില്ലെന്നും സൂചിപ്പിക്കുന്നു.

എന്നാൽ, ഇത് മൃഗങ്ങളിൽ നിന്നാണ് ഉൽഭവിച്ചത് എന്ന് പറയപ്പെടുന്നു. SARS-CoV-2 എന്ന വൈറസ് വവ്വാൽ, ഈനാംപേച്ചി എന്നിവയുടെ ശരീരത്തിൽ കാണുന്ന കൊറോണ വൈറസുകളുമായി വളരെ സാമ്യമുള്ളതാണ്. വൈറസിന്റെ ജനിതക ശ്രേണി പരിശോധിച്ചപ്പോൾ അതിന് വവ്വാലുകളുടെ ശരീരത്തിൽ കാണുന്ന കൊറോണ വൈറസുമായി 96% സാമ്യമുണ്ടെന്ന് വെളിപ്പെടുകയും ചെയ്തു.

വവ്വാലുകൾ യഥാർത്ഥത്തിൽ വൈറസുകളുടെ സംഭരണികളാണ്. എന്നിരുന്നാലും, വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരുന്നതായി അറിവില്ല. പിന്നെ അതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് വവ്വാലിൽ നിന്നും ഏതെങ്കിലും മൃഗങ്ങൾക്കും, അവയിൽ നിന്നും മനുഷ്യരിലേക്കും ഇത് പകർന്നിരിക്കാം എന്ന അനുമാനത്തിൽ എത്തി.

വവ്വാലുകൾ കഴിഞ്ഞാൽ SARS-CoV-2 ന് സമാനമായ വൈറസ് ഈനാംപേച്ചിയിലാണ് കണ്ടെത്തിയിട്ടുള്ളത്. മൊത്തത്തിൽ സമാനത കുറവാണെങ്കിലും, ഇവയിലുള്ള വൈറസുകൾക്ക് ഹ്യൂമൻ കൊറോണ വൈറസിന് സമാനമായ സ്പൈക്ക് ജനിതകമുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗമായ ഈനാംപേച്ചി പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ ഉപയോഗിക്കുന്നു. വൈറസ് ഉത്ഭവിച്ചതായി വിശ്വസിക്കപ്പെടുന്ന മാർക്കറ്റിൽ ഇത് ഉണ്ടായിരിക്കാം. ഇത് സ്വാഭാവിക പകർച്ച എന്ന അനുമാനത്തെ ശക്തിപ്പെടുത്തുന്നു.

നേച്ചർ മെഡിസിൻ പേപ്പറിൽ രചയിതാവായിരുന്ന തുലെയ്ൻ സർവകലാശാലയിലെ റോബർട്ട് ഗാരി വിശദീകരിക്കുന്നു:

“കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമാണ് ഈനാംപേച്ചിയിൽ മനുഷ്യർ ഇത് കണ്ടെത്തിയത്. ഇത് ഒരു ലാബിലും ആർക്കും രൂപകൽപ്പന ചെയ്യാൻ കഴിയാത്തതായ ഒരു സ്വാഭാവിക കാര്യമാണ്.” മഹാമാരി ആരംഭിക്കുന്നതുവരെ ഇത്തരം വ്യത്യസ്തമായ കൊമ്പുകൾ (spikes ) വൈറസിൽ ഉണ്ടെന്ന് മനുഷ്യർക്ക് അറിയില്ലായിരുന്നു. വൈറസിന്റെ പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന കൊമ്പുകൾ മനുഷ്യശരീരവുമായി എളുപ്പത്തിൽ ഇഴുകി രോഗം പകർത്തുന്നു.

ഈനാംപേച്ചിയിൽ നിന്ന് തന്നെയാണോ വൈറസ് പകർന്നത് എന്നതിനെ കുറിച്ച് ഇപ്പോഴും ഗവേഷണം നടത്തി വരികയാണ്. വുഹാനിൽ വൈറസ് ഉത്ഭവിച്ചതിന്റെ പ്രധാന കാരണം അവിടത്തെ നിരവധി വലിയ മാർക്കറ്റുകളിലൊന്നിൽ ഈ വൈറസ് പരത്തുന്ന ഒരു മൃഗം ഉണ്ടായിരുന്നു എന്നതാണ്. ചൈനയുടെ ലെവൽ 4 ബയോ സേഫ്റ്റി ലാബ് ഒരേ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് എന്നത് യാദൃശ്ചികം മാത്രമാണ്.

കാരണമറിയാതെ വെറുതെ ഒരു സമൂഹത്തെ കുറ്റപ്പെടുത്തുന്ന പ്രവണത നിർത്തേണ്ടതാണ്. അവിടെയുള്ളവരും മനുഷ്യരാണ് എന്നതും, അവരുടെ ജീവനും വിലയുണ്ട് എന്നതും ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നവർ മറക്കരുത് എന്നും വിദ​ഗ്ദര്‍ പറയുന്നു.

×