കേരളം

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഹോട്ടലുകളിലും ബാറുകളിലും ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 26, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ. ഹോട്ടലുകളിലും ബാറുകളിലും ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കായിരിക്കും ബാറുകളിൽ പ്രവേശനം. ഹോട്ടലുകളിലും ഈ നിബന്ധന പാലിക്കണം. 18 വയസ്സിന് താഴെയുള്ളവർക്ക് ഇത് ബാധകമല്ല.

കേരളത്തിൽ ആദ്യഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ കാരണം. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ ഇതുവരെ അനുമതി ഉണ്ടായിരുന്നുള്ളു.

അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. എ സി ഉപയോഗിക്കാൻ പാടില്ല.ജനലുകളും വാതിലുകളും തുറന്നിടണം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിലെ തൊഴിലാളികളും രണ്ട് ഡോസ് വാക്സീൻ എടുത്തവരാകണം.

ഇന്ഡോർ സ്റ്റേഡിയങ്ങൾ, നീന്തൽക്കുളം എന്നിവയുടെ പ്രവർത്തനവും അനുവദിക്കാമെന്നാണ് ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം. അതേസമയം തീയറ്ററുകൾ ഉടൻ തുറക്കാൻ സാധ്യതയില്ല.

×