ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിക്കുന്നു; എറണാകുളം ജില്ല അതിതീവ്ര കോവിഡ് വ്യാപന ഭീതിയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, April 18, 2021

കൊച്ചി: എറണാകുളം ജില്ല അതിതീവ്ര കോവിഡ് വ്യാപന ഭീതിയില്‍. പ്രതിദിന കോവിഡ് കണക്ക് ജില്ലയില്‍ ആദ്യമായി രണ്ടായിരം കടന്നു. 11,992 പേരാണ് കോവിഡ് പോസിറ്റീവായി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുകയാണ്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം എറണാകുളം ജില്ലയില്‍ കുതിച്ചുയരുകയാണ്. കൂട്ട പരിശോധനയുടെ ഭാഗിക ഫലങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെയാണു കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടായതും.

ഇന്നലെ 2187 പേരാണു ജില്ലയില്‍ പോസിറ്റീവായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. 19.35 ശതമാനമാണ് ഇന്നലത്തെ ടിപിആർ. അതായത് 100 പരിശോധനകൾ നടത്തുമ്പോൾ 20 പേരെങ്കിലും പോസിറ്റീവാകുന്നു. ജില്ലയിലെ ഏറ്റവും ഉയർന്ന ടിപിആർ കൂടിയാണിത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകുന്നു.

11,994 പേരാണു നിലവിൽ കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരിൽ രോഗലക്ഷണങ്ങളില്ലാത്ത പതിനായിരത്തോളം പേർ വീടുകളിൽ തന്നെയാണു കഴിയുന്നത്. ആലുവ ജില്ലാ ആശുപത്രി, പിവിഎസ് അപെക്സ് സെന്റര്‍, കളമശേരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ പ്രവേശിപ്പിക്കുന്നത്.

ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷല്‍റ്റി ബ്ലോക്കിലും കോവിഡ് ചികിത്സ ഉടന്‍ ആരംഭിക്കും. കോവിഡ് ഫസ്റ്റ് ൈലന്‍ ട്രീറ്റ്്മെന്റ് സെന്ററുകള്‍ രണ്ട് ദിവസത്തിനകം ആരംഭിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

×