പത്തനംതിട്ടയ്ക്ക് ആശ്വാസ വാര്‍ത്ത; ക്വാറന്റൈന്‍ ലംഘിച്ചതിന് ഓടിച്ചിട്ട് പിടിച്ചുകെട്ടി കൊണ്ടുപോയ പ്രവാസിയുടെ ഫലം നെഗറ്റീവ്‌ !

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, July 11, 2020

പത്തനംതിട്ട; ഹോം ക്വാറന്റീൻ ലംഘിച്ചതിന് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. തിങ്കളാഴ്ചയാണ് ചെന്നീർക്കര സ്വദേശി ക്വാറന്റീൻ ലംഘിച്ച് പത്തനംതിട്ട നഗരത്തിലെത്തിയത്. പറഞ്ഞിട്ട് അനുസരിക്കാതിരുന്നതോടെ ഇയാളെ ബലപ്രയോ​ഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് ക്വാറന്റീൻ കേന്ദ്രത്തിൽ എത്തിച്ചത്.

മൂന്നാംതീയതിയാണ് ഇയാൾ റിയാദിൽനിന്നെത്തിയത്. നിരീക്ഷണത്തിൽ കഴിയുന്നതിനിടെ വീട്ടുകാരോട് പിണങ്ങിയാണ് പുറത്തിറങ്ങിയത്. മുഖാവരണം ധരിക്കാതെ വാഹനത്തിലെത്തിയതിനാണ് ഇയാളെ പോലീസ് തടഞ്ഞത്.

വിദേശത്തു നിന്നെത്തിയതാണെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രവർത്തകരെത്തി ആംബുലൻസിൽ കയറാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. നാല് ആരോഗ്യപ്രവർത്തകർ വട്ടംപിടിച്ചിട്ടും കുതറിയോടിയ പ്രവാസിയെ തുണികൊണ്ട് കൈയുംകാലും കെട്ടിയാണ് ആംബുലൻസിൽ കയറ്റിയത്. ഇദ്ദേഹം കോഴഞ്ചേരി ജില്ലാആശുപത്രിയിലാണുള്ളത്.

×