പൊതനിരത്തില്‍ മാസ്‌ക് വെച്ചില്ല; ടാറിട്ട റോഡില്‍ വീണ യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്, ബൂട്ടിട്ട് മുഖത്ത് ചവിട്ടി, ദേഹത്ത് കയറിയിരുന്ന് മര്‍ദ്ദനം; പൊലീസുകാര്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ജനം എന്ത് ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, April 8, 2021
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് ഉദ്യാഗസ്ഥര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. നഗര മധ്യത്തിലെ റോഡില്‍ അതി ക്രൂരമായി 35 കാരനെ രണ്ട് പൊലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പൊലീസുകാര്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ജനങ്ങള്‍ എന്തുചെയ്യുമെന്ന് വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

പൊതനിരത്തില്‍ മാസ്‌ക് വെച്ചില്ലെന്ന് ആരോപിച്ചാണ് പൊലീസുകാര്‍ ഇയാളെ മര്‍ദ്ദിക്കുന്നത്. ടാറിട്ട റോഡില്‍ വീണ ആളുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടിയും കൈ കാലുകള്‍ പിടിച്ച് തിരിച്ചും തല്ലിയുമാണ് പൊലീസ് അതിക്രമം. പൊലീസ് മര്‍ദ്ദിക്കുമ്പോള്‍ ഒരു ചെറിയ ആണ്‍കുട്ടി ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിയടുക്കുന്നുമുണ്ട്. കുട്ടി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും പൊലീസുകാര്‍ മര്‍ദ്ദനം തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്.

‘കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നടത്തുന്ന ഇത്തരം നാണംകെട്ട മനുഷ്യത്വമില്ലായ്മ ഈ രാജ്യം അനുവദിച്ചുകൊടുക്കില്ല. പൊലീസുകാര്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ജനം എന്ത് ചെയ്യും?’, മര്‍ദ്ദനത്തിന്റെ വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

×