ഓപ്പറേഷൻ സമുദ്രസേതുവിന് തുടക്കമായി; ഐഎൻഎസ് ജലാശ്വ മാലി ദ്വീപ് തീരത്തെത്തി 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, May 7, 2020

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് നാവിക സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ സമുദ്രസേതുവിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ ഐഎൻഎസ് ജലാശ്വ മാലി ദ്വീപ് തീരത്തെത്തി.

മാലി ദ്വീപിൽ നിന്നുള്ള പ്രവാസികളുമായി കപ്പൽ നാളെ കൊച്ചിക്ക് പുറപ്പെടും. മാലി ഇന്ത്യൻ ഹൈക്കമ്മീഷൻ വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും യാത്രക്ക് അവസരം.

ഐഎൻഎസ് ജലാശ്വ ,ഐഎൻഎസ് മഗര്‍ എന്നീ രണ്ട് കപ്പലുകളാണ് സമുദ്രസേതു ദൗത്യത്തിനായി നാവിക സേന ഉപയോഗിക്കുന്നത്. രണ്ട് കപ്പലിലുമായി ആയിരത്തോളം പ്രവാസികളാണ് നാട്ടിലെത്തുക.

ആരോഗ്യ പ്രശ്നം ഉള്ളവര്‍, ഗര്‍ഭിണികൾ, മുതിര്‍ന്ന പൗരൻമാര്‍, സന്ദര്‍ശക വീസയിലെത്തി കുടുങ്ങിപ്പോയവര്‍ എന്നിവരെയെല്ലാം ആദ്യ പട്ടികയിലുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവരെയും മുൻഗണനാ ക്രമമനുസരിച്ച് പരിഗണിക്കും. രണ്ട് ദിവസമെടുത്താകും മാലിയിൽ നിന്ന് കപ്പൽ കൊച്ചിയിലേക്ക് എത്തുക.

×