“ഒരു വര്‍ഷത്തെ കഷ്ടതകള്‍ക്കും ത‍്യാഗങ്ങള്‍ക്കും അവസാനമായിരിക്കുന്നു, അമേരിക്കയ്ക്ക് ഇത് നിര്‍ണായക മുഹൂര്‍ത്തം; വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, May 14, 2021

വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് സെന്‍റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദേശം. കോവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡനാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.

“വാക്സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല എന്ന് സിഡിസി ഏതാനം മണിക്കൂറുകള്‍ക്ക് മുന്‍പ് അറിയിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വീടിനുള്ളിലാണെങ്കിലും ഇത് ബാധകമാണ്,” രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡന്‍ പ്രഖ്യാപിച്ചു. “ഒരു വര്‍ഷത്തെ കഷ്ടതകള്‍ക്കും ത‍്യാഗങ്ങള്‍ക്കും അവസാനമായിരിക്കുന്നു, അമേരിക്കയ്ക്ക് ഇത് നിര്‍ണായക മുഹൂര്‍ത്തമാണ്,” ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് മഹാമാരിയ്ക്ക് മുന്‍പ് ചെയ്തിരുന്ന കാര്യങ്ങളിലേക്ക് മടങ്ങാമെന്ന് നിര്‍ദേശവുമുണ്ട്. പൊതുപരിപാടികളില്‍ പങ്കെടുക്കാം. ശാരീരിക അകലമോ മാസ്കോ ഇതിനായി ധരിക്കേണ്ടതില്ല. രാജ്യത്തെ 37 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യപനത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെയാണ് പുതിയ തീരുമാനം.

5.8 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. രണ്ടര ലക്ഷത്തിന് മുകളിലായിരുന്ന പ്രതിദിന കേസുകള്‍ 40,000 ആയി ചുരുങ്ങി. ജനുവരി എട്ടാം തിയതി കേസുകള്‍ മൂന്ന് ലക്ഷം കടന്നിരുന്നു. എന്നാല്‍ ഇതിന് ശേഷം രോഗ ബാധിതരുടെ എണ്ണം ക്രമേണ കുറഞ്ഞു. 35,538 കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

×