കോവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി പാലക്കാട് സുഹൃത്തിൻറെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി;  കെഎസ്ആർടിസി ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യവേ പൊലീസ് പിടികൂടി.

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, July 5, 2020

പാലക്കാട്: ക്വാറന്റൈന്‍ ലംഘിച്ച് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് പാലക്കാട് പിടിയിലായത്. പാലക്കാടുള്ള സുഹൃത്തിന്റെ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെയാണ് ഇയാള്‍ കണ്ണൂരുള്ള വീട്ടിലേക്ക് യാത്ര പുറപ്പെട്ടത്.കൊയിലാണ്ടിയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ പിടികൂടിയ യുവാവിനെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ മാസം 23ന് സുഹൃത്തുക്കൾക്കൊപ്പം മധുരയിൽ നിന്നെത്തിയതാണ് കണ്ണൂർ സ്വദേശി. ഒപ്പമുണ്ടായിരുന്ന പാലക്കാട് തൃത്താല സ്വദേശിയായ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇരുവരുടെയും ശ്രവ പരിശോധനാ ഫലം ലഭിച്ചതറിയിക്കാൻ ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ ഇയാൾ സുഹൃത്തിൻറെ വീട്ടിൽ തന്നെയുണ്ടായിരുന്നു. പിന്നാടാണ് മറ്റൊരു സുഹൃത്തിനൊപ്പം ബൈക്കിൽ നാട്ടിലേക്ക് മടങ്ങിയത്.

ആരോ​ഗ്യപ്രവർത്തകർ വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് നാട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞത്. തുടർപ്പ് പൊലീസിനെ വിവരമറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിൽ വച്ച് ഇയാളെ കണ്ടതായി വിവരം ലഭിച്ചു.

സുഹൃത്തിന്റെ ബൈക്കിൽ കോഴിക്കോടെത്തിയ ഇയാൾ കെഎസ്ആർടിസി ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇയാളെ കണ്ണൂരിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് തൃത്താല പൊലീസ് ഇയാൾക്കെതിരെയും സുഹൃത്തിനെതിരെയും കേസെടുത്തു

×